lab-
തൊടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബ് തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ പി.എച്ച്.സിക്ക് മുന്നിൽ നടത്തിയ ധർണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ : തൊടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി മാസങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ ലാബിന്റെ പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.ഫ് തൊടിയൂർ പഞ്ചായത്ത് പാർലമെന്ററിപാർട്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ അംഗങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി, ലാബ് പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു. സ്വന്തമായി ലാബ് ടെക്നീഷ്യനും മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും ലാബിന്റെ പ്രവർത്തനം തുടങ്ങാത്തത് എൽ. ഡി. എഫ് നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത് ഭരണസമിതി ജനങ്ങൾക്ക് നേരെ ഉയർത്തുന്ന വെല്ലുവിളിയാണെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ പറഞ്ഞു. സമരത്തെ തുടർന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസറുമായി ഫോണിൽ സംസാരിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ ലാബിന്റെ പ്രവർത്തനം തുടങ്ങുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പ് നൽകുകയും ചെയ്തതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. യുഡിഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ധർമ്മദാസ് അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: സി ഒ. കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തൊടിയൂർ വിജയകുമാർ, ബിന്ദു വിജയകുമാർ, ജഗദമ്മ, കോൺഗ്രസ്‌ നേതാക്കളായ പൂയപ്പള്ളിൽ ഇസ്മയിൽ കുഞ്ഞ് ലബ്ബ, മനാഫ് ലബ്ബ, ഷാജി, ശ്രീകുമാർ, അബ്ദുൾ സമദ്, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.