കൊട്ടാരക്കര : പാണ്ടി വയൽ ഭദ്രാ ദേവി ക്ഷേത്രത്തിലുള്ള 99 കിലോ തൂക്കമുള്ള ഒരു ലക്ഷം രൂപയോളം വരുന്ന ഓട്ടുമണി മോഷ്ടിച്ചയാളെ കൊട്ടാരക്കര പൊലീസ് പിടികൂടി.
പുനലൂർ പേപ്പർ മില്ലിന് സമീപം കാഞ്ഞിരമല വില്ലഴികം ബീമാ മൻസിൽ സലിം ( 59 ) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 14 നാണ് ക്ഷേത്രത്തിന്റെ ആലിൻ കൊമ്പിൽ കുലകളായി തൂക്കിയിട്ടിരുന്ന മണി പെട്ടിഓട്ടോറിക്ഷയിൽ വന്ന സലീം മോഷ്ടിച്ചു കൊണ്ടുപോയത്. ഇദ്ദേഹം ക്ഷേത്രങ്ങളിൽ മറ്റും ഉത്സവ സീസണുകളിൽ പൊരി കച്ചവടം നടത്തുന്ന ആളായിരുന്നുവെന്നും ഉത്സവ സമയത്ത് കണ്ടുവച്ച മണി പിന്നീട് മോഷ്ടിക്കുകയായിരുന്നെന്നും കൊട്ടാരക്കര എച്ച്. എസ്. ഓ ബിജു പറഞ്ഞു. പത്തനാപുരത്ത് കടയിൽ നിന്നും തൊണ്ടി മുതൽ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.