cccc
നെടുമ്പാറയിലെ ഇസ്‌ഫീൽഡ് ലായം

കഴുതുരുട്ടി :കിഴക്കൻ മേഖലയിലെ പ്ലാന്റേഷൻ ലായങ്ങളിൽ തൊഴിലാളികൾക്ക് ദുരിത ജീവിതം . മുന്നൂറോളം തോട്ടം തൊഴിലാളി കുടംബങ്ങൾ തിങ്ങി പാർക്കുന്ന നെടുമ്പാറയിലെ ഇസ്‌ഫീൽഡ് ലായം പരിഷ്‌കൃത ജീവിത ക്രമത്തിന് അപവാദമാകുന്നു. മിനിമം ജീവിത സൗകര്യം ആഗ്രഹിക്കുന്നവരുടെ വാസസ്ഥലത്ത് ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. വല്ലപ്പോഴുമുള്ള പരിശോധനകൾ പ്രഹസനമാകുന്നു.

ആശുപത്രിയിൽ സേവനം പേരിന്

പ്ലാന്റേഷൻ എസ്‌റ്റേറ്രിലെ വിവിധ ഡിവിഷനുകളായ കഴുതുരുട്ടി, നെടുമ്പാറ, പൂത്തോട്ടം പ്രദേശങ്ങളിൽ ഒരിടത്തും സ്ഥിതി വ്യത്യസ്‌തമല്ല. തുച്ഛമായ വേതനത്തിൽ പണിയെടുക്കുമ്പോഴും ജീവിത സുരക്ഷയിൽ പ്രധാനമായിരുന്നു ചികിത്സാ സൗകര്യം.രണ്ട് ഡോക്ടർമാർ, ആറ് നഴ്‌സുമാർ, രണ്ട് അറ്റൻഡർമാർ എന്നിവർ ചേർന്നുള്ള ആശുപത്രിയിൽ കിടത്തി ചികിത്സയ്‌ക്കും സൗകര്യമുണ്ടായിരുന്നു.ഇപ്പോൾ ആശുപത്രിയിൽ നിന്ന് ലഭിക്കുന്നത് നാമമാത്ര സേവനങ്ങൾ മാത്രം.

പരിസരം ദു‌ർഗന്ധപൂരിതം

ലായങ്ങിലെ വെള്ളപൂശലും വാർഷിക അറ്റകുറ്റപണികളും മുറയ്‌ക്ക് നടക്കാറില്ല.ലായത്തിലെ അടുക്കളയിൽ നിന്നോഴുകുന്ന മലിനംജലം മൂടിയില്ലാതെ കെട്ടിനിന്ന് സദാസമയവും വാസസ്ഥലത്തെ ദു‌ർഗന്ധപൂരിതമാക്കുന്നു. താമസ സ്ഥലത്തോട് ചേർന്നുള്ള റബർ ഫാക്‌ടറി പ്രവർത്തിക്കുന്നത് മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിച്ചല്ല. ഇത് ലായത്തിൽ വസിക്കുന്നവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. രൂക്ഷ ദുർഗന്ധം മൂലം മുക്കുപൊത്താതെ നടക്കാനും കഴിയില്ല.

സേവന -വേതന കരാർ പുതുക്കിയത് 7 വർഷം മുമ്പാണ്. ലായത്തിന്റെ പരിസരമാകെ കാടുമൂടി കിടക്കുന്നു. ലായത്തിൽ ജീവിക്കുന്നവരല്ലെ എന്ന ചിന്ത മാനേജ്മെന്റിനെയും സർക്കാരിനെയും ഒരു പോലെ മദിക്കുന്നു.

വി. എസ് .ശിവദാസൻ

കൊല്ലം ജില്ലാ തോട്ടം തൊഴിലാളി യൂണിയൻ (ഐ.എൻ. ടി. യു. സി) യൂണിറ്റ് കൺവീനർ

പ്ലാന്റേഷൻ ലേബർ ആക്‌ടിന് വിധേയമായാണ് കമ്പനി പ്രവർത്തിക്കുന്നത്. കൂലി പുതുക്കൽ സർക്കാരും മാനേജ്‌മെന്റും ട്രേ‌ഡ് യൂണിയനുകളും ചേർന്നുള്ള ത്രികക്ഷി ചർച്ചകളിലൂടെയാണ് നടപ്പിലാക്കുന്നത്. വെള്ളപൂശലുൾപ്പടെ ഇപ്പോൾ മൂന്ന് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്നുണ്ട്. പ്ലാന്റേഷൻ രംഗം പൊതുവിൽ പ്രതിസന്ധിയിലാണ്.ആശുപത്രി സേവനങ്ങളിൽ നേരത്തെയുള്ള സൗകര്യങ്ങളിൽ കുറവുണ്ടെങ്കിലും ഒരു ഫാർമസിസ‌്‌റ്റും മൂന്ന് നഴ്‌സുമാരും നാല് അറ്റൻഡർമാരും സേവനം അനുഷ്‌ഠിക്കുന്നു.

പ്ലാന്റേഷൻ അധികൃതർ