കൊല്ലം: മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗത്തിന്റെ ബുക്ക്ലെറ്റ് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച് എൽ.ഡി.എഫ് ഗുരുതര ചട്ടലംഘനം നടത്തിയതായി യു.ഡി.എഫ് കൊല്ലം പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രസംഗത്തിന്റെ 48 ലക്ഷം കോപ്പികളാണ് അച്ചടിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയ്ക്കും തിരഞ്ഞെടുപ്പ് കൺവെൻഷൻ നോട്ടീസുകൾക്കുമൊപ്പം കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ വീടുകളിൽ എൽ.ഡി.എഫ് പ്രവർത്തകർ ഈ ബുക്ക്ലെറ്റ് വിതരണം ചെയ്തു. ബുക്ക്ലെറ്റും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നോട്ടീസും ഒരുമിച്ച് വിതരണം ചെയ്യുന്നതിന്റെ ക്യാമറ ദൃശ്യങ്ങൾ ആയിരക്കണക്കിന് വീടുകളിലുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഇത്തരം നോട്ടീസുകൾ പാർട്ടി പ്രവർത്തകർ വിതരണം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം വിതരണം ചെയ്തത് ഗുരുതരമായ ചട്ടലംഘനാണ്. പൊതുമരാമത്ത് റോഡുകളുടെ മദ്ധ്യത്തിൽ എൽ.ഡി.എഫ് സ്ഥാപിച്ച പ്രചരണ ബോർഡുകൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും നീക്കം ചെയ്തിട്ടില്ല. ഇതെല്ലാം ഉദ്യോഗസ്ഥർ കൈയും കെട്ടി നോക്കിയിരിക്കുകയാണെന്നും പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എം. നസീർ, കൺവീനർ കെ.എസ്. വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.