കടയ്ക്കൽ: കടയ്ക്കലിൽ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.പകൽ പോലും നാട്ടുകാർ ഏറെ ഭയപ്പെട്ടാണ് യാത്രചെയ്യുന്നത്. രാത്രിയിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ വാഴക്കൃഷിയും മരച്ചീനിയും മറ്റു കാർഷികവിളകളും നശിപ്പിക്കുന്നത് ഇവിടെ പതിവാണ്. വിളവെടുപ്പിന് പാകമാകാത്ത മരച്ചീനികളാണ് മണ്ണ് തുരന്ന് ഇവ ഭക്ഷണമാക്കുന്നത്. വാഴത്തോട്ടങ്ങളിൽ വാഴ കുത്തിമറിച്ച് നശിപ്പിച്ച ശേഷമാണ് വാഴയുടെ കൂമ്പും ഇലകളും ഭക്ഷണമാക്കുന്നത്.വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമാണ് കാട്ടുപന്നികൾ ഈ മേഖലയിലെ കർഷകർക്ക് വരുത്തുന്നത്.കുറച്ച് മാസങ്ങൾക്ക് മുൻപ് ചിതറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയ്ക്ക് കാട്ടുപന്നി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
അടിയന്തരമായി പരിഹാരം വേണം
അഞ്ചൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാട്ടുപന്നി ശല്യത്തെ കുറിച്ച് അറിയിച്ചെങ്കിലും കുമ്മിൾ പഞ്ചായത്തിന് പന്നിശല്യത്തെ നേരിടാനുള്ള അധികാരം നൽകിയിട്ടുണ്ടെന്നാണ് മറുപടി ലഭിക്കുന്നത്.കാട്ടുപന്നി ശല്യം തടയാൻ ബന്ധപ്പെട്ടവർ അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.