കൊല്ലം: ഓപ്പറേഷൻ തീയറ്ററുകളിൽ അനസ്തേഷ്യയ്ക്ക് മുമ്പ് കുത്തി വയ്ക്കുന്ന മരുന്ന് അമിതമായി കുത്തിവച്ചു ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി, മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ കേരളപുരം ഇടവട്ടം വരട്ടുചിറ സ്വദേശി അജി (എഡ്വർഡിൻ-42) ശിക്ഷാർഹനെന്ന് കൊല്ലം അഞ്ചാം അഡിഷണൽ ആൻഡ് സെഷൻസ് കോടതി വിധിച്ചു. ശിക്ഷ 22 ന് വിധിക്കും. ഭാര്യ വർഷ (26), അലൈൻ (2), ആരവ് (3 മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊവിഡ് കാലമായ 2021മെയ്‌ 11നായിരുന്നു സംഭവം. ഫാർമസി യോഗ്യത ഇല്ലെങ്കിലും കുണ്ടറയിലെ മെഡിക്കൽ സ്റ്റോറിൽ സഹായിയായി നിന്നിരുന്ന പ്രതിക്ക് ഭാര്യ വർഷയുടെ സ്വഭാവ ശുദ്ധിയിൽ സംശയം ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ 15 വയസ് വ്യത്യാസമുള്ളതും അനാവശ്യ സംശയത്തിന് ഇടയാക്കി. പ്രസവ സംബന്ധമായ ആവശ്യമെന്ന് തെറ്റി​ദ്ധരി​പ്പി​ച്ച് മൂവരിലും കുത്തിവയ്‌പ്പ് എടുത്ത ശേഷം പ്രതിയും അവർക്കൊപ്പം അവശത നടിച്ചു കട്ടിലിൽ കിടന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ വർഷ മരിച്ചിരുന്നു. കുട്ടികൾ അബോധാവസ്ഥയിലുമായി. ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിവൃത്തി ഇല്ലാതെ പ്രതി കുറ്റം സമ്മതിച്ചു. 5 വയസുകാരി​യായ മറ്റൊരു മകളെയും കൊലപ്പെടുത്താൻ പ്രതി​ ശ്രമിച്ചെങ്കിലും കുട്ടി കുത്തിവയ്‌പ്പിന് വഴങ്ങിയില്ല. പ്രീ അനസ്തേഷ്യ എന്നറിയിപ്പെടുന്ന ഈ ദ്രാവകം അനുവദനീയമായ അളവിൽ കൂടുതൽ ഉള്ളിൽ ചെന്നാൽ പേശികൾ ചുരുങ്ങും. മൂവരുടെയും ശ്വാസകോശം ചുരുങ്ങിയാണ് മരണം സംഭവിച്ചത്. അഞ്ചു വയസുകാരി​യുടെ മൊഴികളും മെഡിക്കൽ റിപ്പോർട്ടുകളും കേസിൽ പ്രോസിക്യൂഷന് നിർണായകമായി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷറഫി ഹാരിസ്, അഭിഭാഷകരായ സബീന, സിനി എന്നിവരും കോടതിയിൽ ഹാജരായി