ഏരൂർ : പത്തടിക്ക് സമീപം കാഞ്ഞുവയലിൽ പെട്ടി ഓട്ടോയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്. പത്തടി മുംതാസ് മൻസിലിൽ റംല ബീവി(58), ഓട്ടോ ഡ്രൈവർ രമേശൻ (28), പത്തടി അൻവർ മൻസിലിൽ ഷിഹാബുദീൻ, ഭാരതീപുരം ചരുവിള പുത്തൻവീട്ടിൽ ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30നാണ് അപകടം ഉണ്ടായത്. അഞ്ചലിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുവാൻ ശ്രമിക്കവേ എതിർ ദിശയിൽ നിന്നും പച്ചക്കറിയുമായി വന്ന പെട്ടിഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഈ സമയം കടയ്ക്ക് സമീപം ഫോൺ ചെയ്തു നിൽക്കുകയായിരുന്നു പാചകതൊഴിലാളിയായ അമ്പിളി അത്ഭുതകരമായി രക്ഷപ്പെട്ടു.
പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റംലാബീവിയേയും രമേശനേയും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ കർണ്ണാടക സ്വദേശികളായ ദമ്പതികൾ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
ഏരൂർ പൊലീസ് കേസെടുത്തു.