കൊല്ലം: മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. പോളയത്തോട് സ്വദേശി തുളസീധരനാണ് (51) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.10ന് ശാരദമഠം റോഡിലാണ് സംഭവം. ഇവിടെ ചെരുപ്പ് നന്നാക്കുന്ന ജോലി നോക്കിയിരുന്ന ദാസനും തുളസീധരനും തമ്മിൽ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്. ദാസൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രതിയായ ദാസനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ തുളസീധരനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.