sarana
ശരണബാല്യം

കൊല്ലം: ബാലചൂഷണം തടയാൻ വനിതാ - ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 'ശരണബാല്യം' പദ്ധതി ജില്ലയിൽ തുണയായത് 80 കുട്ടികൾക്ക്. 2018 മുതൽ 2024 ജനുവരി വരെയുള്ള കണക്കാണിത്.
ബാലവേല-ബാലഭിക്ഷാടനം-തെരുവ് ബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് 2018ൽ പദ്ധതി ആരംഭിച്ചത്. വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ കീഴിൽ റെസ്‌ക്യൂ ഓഫീസർമാരെ നിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

തൊഴിൽ, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, പൊലീസ്, എക്‌സൈസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രവർത്തനം. ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചും റെസ്‌ക്യൂ ഡ്രൈവുകൾ നടത്തിയും സ്റ്റേക്ക് ഹോൾഡേഴ്‌സിനെ ഉൾപ്പെടുത്തി ട്രെയിനിംഗ്, ബോദ്ധവത്കരണ പരിപാടികളും നടത്തിവരുന്നു.

കുട്ടികളെ രക്ഷപ്പെടുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും പിന്നീട് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റുകയും ചെയ്യും. ഒന്നുകിൽ രക്ഷിതാക്കൾക്ക് കൈമാറുകയോ അല്ലെങ്കിൽ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ പുനരധിവാസം, വൈദ്യസഹായം, വിദ്യാഭ്യാസം ഉൾപ്പെടെ ഏർപ്പെടുത്തുകയോ ആണ് ചെയ്യുക. സംശയാസ്പദമായ സന്ദർഭങ്ങളിൽ ഡി.എൻ.എ പരിശോധന നടത്തും. ബാലവേല, ബാലഭിക്ഷാടനം എന്നിവ കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.

അനാഥരാവില്ല, ആശ്രയം അരികിൽ

 ബാലവേലയിൽ ഏർപ്പെടുന്നവർ
 തെരുവിൽ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായവർ

 കുട്ടിക്കടത്തിന് വിധേയമാകുന്നവർ
 സംരക്ഷിക്കാൻ ശേഷിയില്ലാതെ ബുദ്ധിമുട്ടുന്നവർ

 അതിക്രമങ്ങൾക്ക് ഇരയാകുന്നതും അതിന് സാദ്ധ്യതയുള്ളവരും

 അനാഥരായ കുട്ടികൾ

 മദ്യം, മയക്കുമരുന്ന് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ
 ശൈശവ വിവാഹത്തിന് വിധേയമാകുന്നതും ആകാൻ സാദ്ധ്യതയുള്ളതുമായവർ

ജില്ലയിൽ രക്ഷപ്പെടുത്തിയ കുട്ടികൾ

2018- 31

2019- 14

2020- 3

2021- 14

2022- 6

2023 - 8

2024 ജനുവരി - 4

ആകെ- 80

2500 രൂപ പാരിതോഷികം

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം അറിയിക്കാം. വിവരങ്ങൾ രഹസ്യമായിരിക്കും. വിവരം സത്യമാണെന്ന് ബോദ്ധ്യപ്പെടാൽ 2500 രൂപ പാരിതോഷികം നൽകും. ബാലവേല നിരോധന നിയമം 2016 പ്രകാരം ബാലവേല ചെയ്യിപ്പിച്ചതായി കണ്ടെത്തിയാൽ ആറുമാസം മുതൽ രണ്ടുവർഷം വരെ തടവ് ലഭിക്കും.

വിളിക്കേണ്ട നമ്പർ

ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്: 0474-2791597

ടോൾ ഫ്രീ നമ്പർ: 1517,1098

ശരണബാല്യം പദ്ധതി കൂടുതൽ ശക്തിപ്പെടുത്താൻ പഞ്ചായത്ത് തലത്തിൽ ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കും.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ