കൊല്ലം: കുരീപ്പുഴ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ കക്കൂസ് മാലിന്യം സുരക്ഷിതമായി എത്തിക്കുന്നത് സംബന്ധിച്ച് വിദഗ്ദ്ധ പഠനത്തിന് സംഘത്തെ നിയോഗിക്കും. പ്ലാന്റിലേക്ക് കക്കൂസ് മാലിന്യം എത്തിക്കാനുള്ള സ്വീവേജ് ശൃംഖല പൂർത്തിയാകാത്ത പശ്ചാത്തലത്തിലാണ് പഠനം നടത്തുന്നത്.

നഗരത്തിലെ എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം പൈപ്പ്ലൈൻ വഴി പ്ലാന്റിലെത്തിക്കുന്ന സ്വീവേജ് ശൃംഖല യാഥാർത്ഥ്യമായാൽ ആവശ്യമുള്ള കക്കൂസ് മാലിന്യം സ്ഥിരമായി പ്ലാന്റിലെത്തും. എന്നാൽ ശൃംഖല സ്ഥാപിക്കാനുള്ള 130 കോടിയുടെ നാല് പാക്കേജുകളിൽ ഒരെണ്ണത്തിന് മാത്രമാണ് കരാറായത്. പദ്ധതി പൂർത്തിയാകാൻ ഇനിയും വർഷങ്ങളെടുക്കും. അതുവരെ ലോറിയിൽ കക്കൂസ് മാലിന്യം എത്തിക്കാനാണ് ആലോചന. എന്നാൽ ഒരു ലോറിയിൽ 10000 മുതൽ 15000 ലിറ്റർ മാലിന്യം മാത്രമേ എത്തിക്കാനാകു. പ്ലാന്റിന്റെ ഒരു ദിവസത്തെ പ്രവർത്തനത്തിന് 133 ലോറി കക്കൂസ് മാലിന്യമെങ്കിലും എത്തിക്കണം. ഈ സാഹചര്യത്തിൽ നഗരത്തിൽ ഒരു ദിവസം എത്രമാത്രം കക്കൂസ് മാലിന്യം എത്തിക്കുന്നുണ്ട്? മറ്റ് പ്രദേശങ്ങളിൽ നിന്നും മാലിന്യം എത്തിക്കേണ്ടതുണ്ടോ? മാലിന്യം എത്തിക്കുന്ന ലോറികളിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ എന്തൊക്കെയാണ് എന്നിവ സംബന്ധിച്ചാണ് പഠനം.

സംസ്കരണം എയ്റോബിക് സാങ്കേതിക വിദ്യയിൽ

120 ലക്ഷം ലിറ്റർ കക്കൂസ് മാലിന്യം ഒരു ദിവസം സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റാണ് കുരീപ്പുഴയിൽ പൂർത്തിയായിരിക്കുന്നത്. എയ്റോബിക് സാങ്കേതിക വിദ്യയിൽ ബാക്ടീരിയയെ ഉപയോഗിച്ചാണ് ദുർഗന്ധം ഉണ്ടാകാതെ കക്കൂസ് മാലിന്യം സംസ്കരിക്കുന്നത്. 20 ലക്ഷം ലിറ്റർ കക്കൂസ് മാലിന്യമെങ്കിലും ഒരു ദിവസം ലഭിച്ചാലെ പ്ലാന്റിന് പ്രവർത്തിക്കാൻ കഴിയു. പ്രവർത്തനം സ്തംഭിച്ചാൽ ബാക്ടീരിയകൾ കൂട്ടത്തോടെ നശിക്കും. പിന്നീട് ബാക്ടീരിയകളെ വളർത്തിയെടുക്കാൻ വീണ്ടും മാസങ്ങളെടുക്കും.

കമ്മീഷനിംഗ് ഒന്നരമാസത്തിനകം

ഒന്നരമാസത്തിനകം കുരീപ്പുഴ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കമ്മീഷൻ ചെയ്യും. പ്ലാന്റിന്റെ മിനുക്കു പണികളും ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണവും മാത്രമാണ് അവശേഷിക്കുന്നത്. ബാക്ടീരിയകളെ വളർത്തി പ്ലാന്റിൽ സംസ്കരണം തുടങ്ങാൻ അഞ്ച് മാസം വേണ്ടി വരും.