
കൊല്ലം: ഫിറ്റ്നസ് കാലാവധി അവസാനിച്ചതോടെ ഷെഡിലായ എക്സൈസ് റേഞ്ച് ഓഫീസുകളിലെ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങളെത്തി. ശാസ്താംകോട്ട, എഴുകോൺ റേഞ്ച് ഓഫീസുകൾക്ക് പുതിയ വാഹനങ്ങളും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് സർക്കാർ കണ്ടം ചെയ്തെടുത്ത വാഹനവും നൽകി.
വാഹനങ്ങളില്ലാത്തതിനാൽ എക്സൈസിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയതിനെ കുറിച്ച് നവംബർ 7ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് രണ്ട് റേഞ്ചുകളിലേക്കും ജീപ്പുകൾ അനുവദിച്ചത്.
ജില്ലയിലെ മറ്റ് റേഞ്ചുകളിലെ പത്ത് വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിൽ ശാസ്താംകോട്ട, എഴുകോൺ റേഞ്ചുകൾക്ക് പുറമേ പുതിയ വാഹനങ്ങളുള്ളത് അസി. എക്സൈസ് കമ്മിഷണർമാർക്കും സ്ട്രൈക്കിംഗ് ഫോഴ്സിനുമാണ്.
ഓടിക്കാൻ കഴിയാതിരുന്ന ചാത്തന്നൂർ റേഞ്ചിലെ വാഹനത്തിന് പകരം മറ്റൊരു വാഹനം എത്തിച്ചുനൽകി.
വനിത തടവുകാരെ കൊണ്ടുപോകാനും വാഹനം
വിവിധ കേസുകളിൽ പിടിയിലാകുന്ന വനിത തടവുകാരെ അസി. എക്സൈസ് കമ്മിഷണർമാരുടെ വാഹനത്തിലായിരുന്നു മുമ്പ് അട്ടക്കുളങ്ങര ജയിലിലേയ്ക്ക് മാറ്റിയിരുന്നത്. എന്നാലിപ്പോൾ ഓരോ റേഞ്ചുകൾക്കും വനിതാ തടവുകാരെ കൊണ്ടുപോകുന്നതിന് സ്ട്രൈക്കിംഗ് ഫോഴ്സിന്റെ വാഹനം ഉപയോഗിക്കാം.
റേഞ്ച് ഓഫീസുകൾ - 09
വാഹനങ്ങൾ - 9 (ജീപ്പ്)
ബൈക്ക് - 9
സ്കൂട്ടർ - 9
സ്ട്രൈക്കിംഗ് ഫോഴ്സ് - 03 വാഹനങ്ങൾ
സർക്കിൾ ഓഫീസുകൾ - 06
സ്പെഷ്യൽ സ്ക്വാഡ് ഓഫീസ് - 01
ചെക്ക് പോസ്റ്റുകൾ - 02
(ആര്യങ്കാവ്, അച്ചൻകോവിൽ)
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മാറുന്നതനുസരിച്ച് എല്ലാ എക്സൈസ് റേഞ്ചുകളിലേക്കും പുതിയ വാഹനങ്ങളെത്തും.
എക്സൈസ് വകുപ്പ് അധികൃതർ