seethalayam

കൊല്ലം: സ്ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്നപരിഹാരത്തിന് ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച 'സീതാലയം' പദ്ധതി പ്രകാരം ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. മരുന്ന് മാത്രമല്ല, സാന്ത്വന പരിചരണവും സീതാലയത്തിൽ ലഭ്യമാണ്.

തേവള്ളിയിലെ ഗവ. ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സീതാലയത്തിൽ, പദ്ധതി ആരംഭിച്ച 2012 മാർച്ച് 29 മുതൽ കഴിഞ്ഞ മാസം വരെ 18,909 പേർ ചികിത്സയ്ക്കെത്തി. ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ ദാമ്പത്യ വിഷയങ്ങൾ, ഗാർഹിക പീഡനം, ലൈംഗികചൂഷണം, വിഷാദരോഗം, ആത്മഹത്യാപ്രവണത, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും സീതാലയത്തിൽ ചികിത്സയുണ്ട്.

മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡോക്ടർ, അറ്റൻഡർ, സൈക്കോളജിസ്റ്റ്, ഡി.ടി.പി ഓപ്പറേറ്റർ തുടങ്ങി യൂണിറ്റിലെ എല്ലാ ജീവനക്കാരും സ്ത്രീകളാണ്. അതിനാൽ സ്ത്രീകൾക്ക് എല്ലാ പ്രശ്നങ്ങളും തുറന്നു പറയുന്നൊരു വേദികൂടിയായി സീതാലയം. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ 2 വരെയാണ് ഒ.പി പ്രവർത്തിക്കുന്നത്. സാമൂഹ്യ കുടുംബക്ഷേമ വകുപ്പ്, ആഭ്യന്തര നിയമ വകുപ്പ്, വനിതാ കമ്മിഷൻ തുടങ്ങിയ വകുപ്പുകളാണ് പദ്ധതിക്ക് പിന്നിലുള്ളത്.

സ്ത്രീ ശാക്തീകരണം ലക്ഷ്യം

സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ ആദ്യ ലിംഗാധിഷ്ഠിത പദ്ധതിയാണ് സീതാലയം. 2010-2011 സാമ്പത്തിക വർഷത്തിലാണ് തുടക്കം. സ്ത്രീകളുടെയും കൗമാരക്കാരായ പെൺകുട്ടികളുടെയും ആരോഗ്യം, സാമൂഹ്യസമത്വം എന്നിവ ഉറപ്പുവരുത്തി മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യം.

സേവനങ്ങൾ

കഴിഞ്ഞ 5 വർഷം ജില്ലയിൽ ചികിത്സ തേടിയവർ

2019-2020: 1720
2020-2021:1178
2021-2022: 2094
2022-2023: 2474
2023 ഏപ്രിൽ- 2024 ഫെബ്രുവരി: 2517

സീതാലയത്തിലൂടെ നിരവധിപേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

ഡോ.പത്മജ പ്രസാദ്, സീതാലയം ജില്ലാ കൺവീനർ