കൊല്ലം: ദേശീയപാത വികസനത്തിന് അഷ്ടമുടിക്കായലിലെ ചെളിമണ്ണ് സൗജന്യമായി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനി​ച്ചതോടെ വൻതോതിൽ മലകൾ ഇടിച്ചുനിരത്തുന്നത് കുറയ്ക്കുന്നതിനൊപ്പം കായൽ ഗതാഗതവും സുഗമമാകും.

ഒരു മീറ്റർ ക്യൂബ് മണ്ണിന് അടിസ്ഥാന വില, സി​നറേജ് ചാർജ്, ജി.എസ്.ടി, റോയൽട്ടി​ എന്നിവ സഹിതം 356 രൂപ നൽകണമെന്ന് ദേശീയപാത അതോറി​ട്ടി​ക്ക് നി​ർദ്ദേശം നൽകി​യി​രുന്നു. ഡ്രഡ്ജിംഗിന്റെ ചെലവിന് പുറമേ ഇത്രയും തുക കൂടി നൽകാനാവില്ലെന്ന് പറഞ്ഞ് ദേശീയപാത അതോറിട്ടി​ പിന്മാറാൻ തീരുമാനിച്ചു. ഇതോടെ സർക്കാർ ഉൾനാടൻ ജലഗതാഗത വകുപ്പ് ചീഫ് എൻജിനിയറോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. അഷ്ടമുടിക്കായലിലെ മാലിന്യം നിറഞ്ഞ ചെളി മണ്ണ് ഫില്ലിംഗ് ഒഴികെ മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടില്ലെന്ന് ചീഫ് എൻജിനിയർ റിപ്പോർട്ട് നൽകി. റവന്യു വകുപ്പും ജല ഗതാഗത വകുപ്പും അനുകൂല നി​ലപാട് എടുത്തതോടെയാണ് ചെളി​ മണ്ണ് സൗജന്യമായി നൽകാൻ തീരുമാനിച്ചത്.

കാവനാട്, മങ്ങാട്, ദളവാപുരം, സാമ്പ്രാണിക്കോടി എന്നിവിടങ്ങളിലാകും ആദ്യഘട്ട ഡ്രഡ്ജിംഗ്. ഈ സ്ഥലങ്ങൾ ദേശീയപാത അതോറിട്ടിക്ക് കൈമാറും. അവർ, നിലവിൽ ദേശീയപാത വികസനത്തിന്റെ കരാർ എടുത്തിരിക്കുന്ന കമ്പനികൾക്ക് തന്നെ കൈമാറാനാണ് സാദ്ധ്യത. ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗമാകും ഡ്രഡ്ജ് ചെയ്യാവുന്ന അളവ് കണ്ടെത്തുക. അഷ്ടമുടിക്കായലിൽ ഡ്രഡ്ജിംഗ് നടത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ദേശീയപാത വികസനത്തിന് ആവശ്യമായ മണൽ കിട്ടാതെ വന്നതോടെ ദേശീയപാത അതോറിട്ടി​ അധികൃതർ അഷ്ടമുടിക്കായലിൽ ഡ്രഡ്ജ് ചെയ്ത് മണ്ണെടുക്കാൻ ജില്ലാ ഭരണകൂടത്തെ സമീപിക്കുകയായിരുന്നു.

ജലഗതാഗതം സുഗമമാവും

 അഷ്ടമുടി കായലിലെ ഡ്രഡ്ജിംഗ് ജലഗതാഗതത്തിന് ഗുണകരമാകും

 ഫൈബർ ബോട്ടുകൾക്ക് കുറഞ്ഞത് ഒരു മീറ്റർ ആഴവും സ്റ്റീൽ ബോട്ടുകൾക്ക് 1.5 മീറ്റർ ആഴവും സുഗമമായ സഞ്ചാരത്തിന് വേണം

 അഷ്ടമുടിക്കായലിന്റെ നടുഭാഗങ്ങളിൽ പലേടത്തും 0.75 മീറ്റർ ആഴമേയുള്ളൂ

 0.50 മീറ്ററി​ൽ താഴെ ആഴമുള്ള സ്ഥലങ്ങളുമുണ്ട്

 ഈ ഭാഗങ്ങളിൽ ബോട്ടുകളുടെ ഷാഫ്ട് തകരാറിലാകുന്നത് പതിവ്

 ജലഗതാഗത വകുപ്പ് കൊല്ലത്ത് നിന്ന് കൊച്ചിയിലേക്ക് ആരംഭിക്കാനിരുന്ന നൈറ്റ് ക്രൂയിസ് ബോട്ട് സർവീസ് ആഴക്കുറവ് കാരണം ഉപേക്ഷിച്ചു

ചെളി, മണ്ണ് എന്നിവയേക്കാൾ മത്സ്യത്തൊഴിലാളികൾ ഉപേക്ഷിക്കുന്ന വല, ഒഴുകിവരുന്ന തടി, പ്ലാസ്റ്റിക് എന്നിവയാണ് ബോട്ടുകൾക്ക് പ്രശ്നം സൃഷ്ടിക്കുന്നത്.

ജലഗതാഗത വകുപ്പ് അധികൃതർ