മീറ്റർ പ്രവർത്തിപ്പിക്കാതെ യാത്രക്കാരെ പിഴിഞ്ഞ് ഓട്ടോറിക്ഷക്കാർ
കൊല്ലം: ഫെയർ മീറ്ററുകൾ പ്രവർത്തിപ്പിക്കാതെ യാത്രക്കാരെ ഞെക്കിപ്പിഴിഞ്ഞ് കൊല്ലം നഗര പരിധിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ. ഓട്ടോറിക്ഷകളിൽ മീറ്റർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തന ക്ഷമമല്ല.
ഒന്നര കിലോമീറ്റർ യാത്രക്ക് മിനിമം ചാർജ് 30 രൂപയാണ്. എന്നാൽ പലരും 40 രൂപ മുതൽ മുകളിലോട്ടാണ് ഈടാക്കുന്നത്. രാത്രിയായാൽ മിനിമം ചാർജിന്റെ രണ്ടിരട്ടിവരെ കൂലി വാങ്ങും. ഓട്ടോറിക്ഷകൾ അമിതമായി ചാർജ്ജ് ഈടാക്കുന്നതായി ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവ സമയത്ത് വ്യാപകമായി പരാതി ഉയർന്നിരുന്നു. കോർപ്പറേഷന്റെ അംഗീകാരത്തോടെ നഗരപരിധിയിൽ സർവീസ് നടത്തുന്ന ചുരുക്കം ചില ഓട്ടോറിക്ഷകളിൽ മീറ്ററിടുന്നുണ്ടെങ്കിലും എല്ലായിടത്തും സ്ഥിതി ഇതല്ല. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളിൽ നിന്ന് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ മാത്രമാണ് യാത്രക്കാർക്ക് ഏക ആശ്വാസം.
ചോദ്യം ചെയ്താൽ ഭീഷണി
മീറ്ററിടാത്തതോ അമിതചാർജ് ഈടാക്കുന്നതോ ചോദ്യം ചെയ്താൽ പലപ്പോഴും യാത്രക്കാർക്ക് അസഭ്യ വർഷവും ഭീഷണിയുമാണ് ലഭിക്കുക. കുറഞ്ഞ ദൂരത്തേക്ക് ഓട്ടം പോകാൻ പലർക്കും താത്പര്യമില്ലെന്നാണ് യാത്രക്കാരുടെ പരാതി. മീറ്റർ ചാർജ്ജിൽ ഓടിയാൽ നഷ്ടമാണെന്നാണ് ഭൂരിപക്ഷം ഡ്രൈവർമാരും പറയുന്നത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റവും പെട്രോൾ വിലയിലെ വർദ്ധനവുമാണ് ചാർജ്ജ് കൂട്ടിവാങ്ങുന്നതിന് ഇവർ പറയുന്ന ന്യായം. കുറച്ച് ദൂരം ഓടുന്നത് കൊണ്ടാണ് മീറ്റർ പ്രവർത്തിപ്പിക്കാത്തതെന്ന് പറയുന്നവരും ഉണ്ട്. ഓട്ടോറിക്ഷകളിൽ നിരക്ക് പട്ടിക പ്രദർശിപ്പിക്കണമെന്ന നിയമവും ഇവർ പാലിക്കാറില്ല.
പരാതി നൽകാൻ തയ്യാറാകുന്നില്ല
ഓട്ടോറിക്ഷകൾക്കെതിരെ പലപ്പോഴും പരാതി നൽകാൻ യാത്രക്കാർ തയ്യാറാകുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതറിഞ്ഞാൽ പിഴയിൽ നിന്ന് രക്ഷപ്പെടാൻ മാത്രം മീറ്റർ പ്രവർത്തിപ്പിക്കും.കൂടുതലിടങ്ങളിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മീറ്റർ ഇല്ലെങ്കിൽ 250 രൂപയാണ് സാധാരണ പിഴ. എന്നാൽ, പരാതിയുടെ ഗൗരവമനുസരിച്ച് 2000 രൂപ വരെ പിഴ ഈടാക്കാൻ മോട്ടോർ വാഹനനിയമമുണ്ട്.
മീറ്റർ ഇടാതെ അമിതമായി യാത്രാക്കൂലി ഈടാക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കും. ഭൂരിഭാഗം യാത്രക്കാരും ഇവർക്കെതിരെ പരാതി നൽകാറില്ല
-എം.വി.ഡി ഉദ്യോഗസ്ഥൻ