തഴവ: കരുനാഗപ്പള്ളി താലൂക്കിൽ കക്കൂസ് മാലിന്യം സംസ്കരിക്കുവാൻ ശാസ്ത്രീയമായ സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ശക്തമായി. തഴത്തോടുകൾ ,പാറ്റോലിത്തോട് ,പന്നിത്തോട് ,ചന്തക്കായൽ ,ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പൊതുകുളങ്ങൾ തുടങ്ങി താലൂക്കിലെ ഭൂരിഭാഗം ജലസ്രോതസുകളിലും നീരൊഴുക്ക് ചാലുകളിലും കക്കൂസ് മാലിന്യം തള്ളുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. രാത്രി കാലങ്ങളിൽ ടാങ്കറുകളിൽ ശേഖരിച്ച് കൊണ്ടുവരുന്ന മാലിന്യമാണ് ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ ഉൾനാടൻ മേഖലകളിലെ സ്ഥലങ്ങളിൽ ഒഴുക്കിവിടുന്നത്.
മാലിന്യം ശേഖരിക്കാൻ മാഫിയ
കക്കൂസ് മാലിന്യം ശേഖരിക്കുന്നതിലൂടെ വൻ സാമ്പത്തിക ലാഭം ലഭിക്കുവാൻ തുടങ്ങിയതോടെ ഈ മേഖലയിൽ പുതിയ മാഫിയ തന്നെ രൂപപ്പെട്ട ഗതികേടാണ് നിലവിലുള്ളത്. വേനൽക്കാലത്ത് താഴ്ന്ന സ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ കുലശേഖരപുരം തഴവ തൊടിയൂർ പഞ്ചായത്തുകളിലെയും കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി പരിധിയിലെയും കിണറുകൾ ഉൾപ്പടെയുള്ള ജലസ്രോതസുകളിലും മഴക്കാലത്ത് കോളിഫോം ബാക്ടീരിയകളുടെ അളവ് അപകടകരമായ തരത്തിൽ വർദ്ധിക്കുന്നു. താലൂക്കിൽ പലവിധ പകർച്ച വ്യാധികൾ പരക്കുന്നതിന് ഇത് കാരണമാകുന്നതായി ആരോഗ്യമേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു.
അടിയന്തര നടപടി വേണം
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തഴവയിൽ ഉൾപ്പടെ ജനവാസ കേന്ദ്രങ്ങളിൽ നിന്നൊഴിഞ്ഞ് ഏക്കർ കണക്കിന് സ്ഥലം കണ്ടെത്താമെന്നിരിക്കെ സർക്കാർ നിയന്ത്രണത്തിൽ ട്രീറ്റ്മെന്റ്പ്ലാന്റ് സ്ഥാപിക്കുന്നതിന് യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. പരിസ്ഥിതി സൗഹർദ്ദമായ തരത്തിൽ ശാസ്ത്രീയമായി കക്കൂസ് മാലിന്യം സംസ്കരിക്കുവാൻ സർക്കാർ തലത്തിൽ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.