കഴുതുരുട്ടി :ആര്യങ്കാവ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് അറ്റകുറ്റപണികളും മതിയായ പരിപാലനവുമില്ലാതെ ബലക്ഷയത്തിലേക്ക് .ആര്യങ്കാവ് സർവീസ് സഹകരണ ബാങ്ക് ,മാവേലി സ്‌റ്റോർ,അക്ഷയ കേന്ദ്രം,ജനസേവന കേന്ദ്രം,പഞ്ചായത്തിന്റെ തൊഴിലുറപ്പ് കേന്ദ്രം എന്നീ സ്ഥാപനങ്ങൾ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .ഈ സ്ഥാപനങ്ങളിൽ എത്തുന്നവരുടെ മേൽ കോൺക്രീറ്റ് പാളികൾ അടർന്നു വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ താരതമ്യേന ചെറിയ പാളികളായതിനാൽ ആർക്കും അപകടമുണ്ടായില്ലെന്നത് ആശ്വാസകരമാണ്. ചിലയിടങ്ങളിൽ കമ്പികൾ തെളിഞ്ഞു നിൽക്കുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സഹകരണ സംഘം പ്രവർത്തിക്കുന്നത്. നിലവിൽ പഞ്ചായത്തിന്റെ ഇടപെടലിന് കാത്ത് നിൽക്കാതെ ബാങ്ക് സ്വന്തമായി അറ്റകുറ്റ പണികൾ നടത്തുന്നുവെന്ന് ബാങ്ക് അധികൃതർ പറയുന്നു. കാലപ്പഴക്കം മൂലമാണ് പാളികൾ അടർന്നു വീഴുന്നതെന്നും യഥാസമയം പരിപാലിക്കപ്പെട്ടാൽ കെട്ടിടത്തിന്റെ ആയുസ് നീളുമെന്നുമാണ് ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറയുന്നത്.