കൊല്ലം: കൊല്ലത്ത് നിന്നുള്ള മുൻ ലോക്‌സഭാംഗവും കോൺഗ്രസ് നേതാവുമായ എൻ.പീതാംബരക്കുറുപ്പ് ബി.ജെ.പിയിൽ ചേർന്ന് കൊല്ലത്ത് സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹം. സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന പ്രചാരണത്തെ പീതാംബരക്കുറുപ്പ് പൂർണമായും തള്ളി.
പത്മജ പോയതിന്റെ ചുവടുപിടിച്ചാണിത്. ബി.ജെ.പി കൊല്ലത്തെ സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് പീതാംബരക്കുറുപ്പിന് വേണ്ടിയാണെന്നും പ്രചാരണമുണ്ട്. ഇന്നോ നാളെയോ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.
2009ൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.പിയായിരുന്ന പി.രാജേന്ദ്രനെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എൻ.പീതാംബരക്കുറുപ്പ് കൊല്ലത്ത് നിന്ന് വിജയിച്ചത്. 2014ൽ യു.ഡി.എഫ് കൊല്ലം സീറ്റ് മുന്നണി മാറിയെത്തിയ ആർ.എസ്.പിക്ക് വിട്ടുനൽകുകയായിരുന്നു.
ഞാൻ പൈതൃകത്തെ പറയിപ്പിക്കുന്നവനല്ല. കരുണാകരൻ പാർട്ടി വിട്ടിട്ടും കൂടെപ്പോകാതിരുന്നയാളാണ് ഞാൻ. മരിക്കുന്നത് വരെ കോൺഗ്രസുകാരനായിരിക്കും.
എൻ. പീതാംബരക്കുറുപ്പ്