home-

കൊല്ലം: പൊലീസിന്റെ കരുതലിൽ മുണ്ടയ്ക്കൽ പുവർഹോം അന്തേവാസികളായ ദമ്പതികൾക്ക് ഒന്നിച്ച് താമസിക്കാൻ ചെറുതെങ്കിലും ഗാർഹിക സൗകര്യം ഒരുങ്ങി. ബദറുദ്ദീൻ - ലൈല ബീവി ദമ്പതികളുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഡി.ശ്രീകുമാർ സാധിച്ചുനൽകിയത്.

നീണ്ടകരയിൽ പ്രവർത്തിക്കുന്ന മദർഹുഡ് ചാരിറ്റി മിഷൻ കോമ്പൗണ്ടിലെ ഒരു വീടാണ് ഇവർക്കായി വീട്ടുനൽകിയത്. ഔദ്യോഗിക വിവരശേഖരണങ്ങളുടെ ഭാഗമായി ഡി.ശ്രീകുമാർ പുവർ ഹോം സന്ദർശിച്ചപ്പോഴാണ് സൈക്കോ സോഷ്യൽ കൗൺസിലർ സിസ്റ്റർ സംഗീത, സൂപ്രണ്ട് വത്സലൻ എന്നിവർ ദമ്പതികളുടെ ആഗ്രഹം ശ്രദ്ധയിൽപ്പെടുത്തിയത്. കൊവിഡ് കാലത്തുണ്ടായ വാഹനാപകടത്തിൽ ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നതിനെ തുടർന്നാണ് ബദറുദ്ദീൻ ഭാര്യയ്ക്കൊപ്പം പുവർ ഹോമിലെത്തിയത്.
ലോക സന്തോഷ ദിനമായ മാർച്ച് 20ന് മുണ്ടയ്ക്കൽ പുവർ ഹോം അങ്കണത്തിൽ നടന്ന ചടങ്ങിൽ ദമ്പതികൾക്ക് യാത്രഅയപ്പ് നൽകി. മേയർ പ്രസന്ന ഏണസ്റ്റ് യോഗം ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ അദ്ധ്യക്ഷനായി. കേരള പൊലീസ് ഓഫീസേഴ്സ് അസോ. സംസ്ഥാന ജോ. സെക്രട്ടറി പ്രേംജി രേഖകൾ ഏറ്റുവാങ്ങി. പുവർ ഹോം സെക്രട്ടറി ഡോ. ഡി.ശ്രീകുമാർ സ്വാഗതം പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ എ.കെ.ഹരികുമാരൻ നായർ, കേരള പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ സെക്രട്ടറി ജിജു.സി.നായർ, ശക്തികുളങ്ങര സി.ഐ ഉദയകുമാർ, സി.ഡബ്ല്യു.സി ചെയർമാൻ സനിൽ വെള്ളിമൺ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹ സമിതി അംഗം കെ.സുനി, പരിസ്ഥിതി പ്രവർത്തകനായ വി.കെ.മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.

പൊലീസ് സംഘടനാ പ്രവർത്തകരും സഹപ്രവർത്തകരും നൽകുന്ന ഉറച്ച പിന്തുണയാണ് കരുത്ത്.

ഡി.ശ്രീകുമാർ