കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വരവ് ചെലവ് കണക്കുകൾ പരിശോധനാ വിധേയമായതിനാൽ ബാങ്ക് അക്കൗണ്ട് തുറക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.
നാമനിർദ്ദേശ പത്രിക വരണാധികാരിക്ക് സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് അക്കൗണ്ടെടുക്കണം. സ്ഥാനാർത്ഥിയുടെയോ അഥവാ സ്ഥാനാർത്ഥിയുടെയും ഇലക്ഷൻ ഏജന്റിന്റേയും കൂട്ടായ പേരിലോ സംസ്ഥാനത്തെ ഏതൊരിടത്തും സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ അക്കൗണ്ട് തുടങ്ങാം.
നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ അനുവദനീയമല്ല. പ്രത്യേക അക്കൗണ്ടിലൂടെ മാത്രമേ തിരഞ്ഞെടുപ്പാവശ്യാർത്ഥമുള്ള വരവ് ചെലവു കണക്കുകൾ നിർവഹിക്കാൻ പാടുള്ളൂ. ബാങ്ക് അക്കൗണ്ട് നമ്പർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം സ്ഥാനാർത്ഥി രേഖാമൂലം അറിയിക്കണം.
പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാത്ത സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം തിരഞ്ഞെടുപ്പ് ചെലവുകൾ സൂക്ഷിക്കാത്തവരായി കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.