1.80 കോടി രൂപ ചെലവിൽ
4500 ചതുരശ്ര അടി വിസ്തീർണം
2 നിലകളുള്ള കെട്ടിടം
കൊട്ടാരക്കര: കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടം പൂർത്തീകരണ ഘട്ടത്തിലേക്ക്. തിരഞ്ഞെടുപ്പിന് ശേഷം ഉദ്ഘാടനം ചെയ്യാവുന്ന വിധത്തിലാണ് നിർമ്മാണ ജോലികൾ നടക്കുന്നത്. പുലമണിൽ സബ് ജയിലിന് സമീപത്തായി പ്രവർത്തിക്കുന്ന അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസിനോട് ചേർന്നാണ് 1.80 കോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടമൊരുങ്ങുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ഭിത്തിപൂശി വെള്ളയടിച്ചു. ഓഫീസ് ക്രമീകരിക്കലും സൗന്ദര്യവത്കരണവുമൊക്കെയാണ് ശേഷിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ 4500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.
മെച്ചപ്പെട്ട സൗകര്യങ്ങൾ
സബ് ജയിൽ, അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസ്, പൊലീസ് സൈബർ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്താണ് പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസ് കൂടി എത്തുന്നത്. ഇവിടെയുണ്ടായിരുന്ന വലിയ ആൽമരം മുറിച്ചുനീക്കി. നൂറു മീറ്റർ അകലത്തായിട്ടാണ് കെ.ഐ.പി വക ഭൂമി നഗരസഭയ്ക്കായി വിട്ടുകൊടുത്തത്. ഇവിടെ നഗരസഭ ആസ്ഥാനവും അനുബന്ധമായി വിവിധ സംവിധാനങ്ങളുമെത്തും. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് അസൗകര്യങ്ങൾക്ക് നടുവിൽ നിലവിൽ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്. മതിയായ സൗകര്യങ്ങളോടെയാണ് പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിനായി പുതിയ കെട്ടിടം സജ്ജമാക്കുന്നത്. ഒന്നാം നിലയിൽ ഓഫീസുകൾ പ്രവർത്തിക്കും. പൊതുജനങ്ങൾക്കായുള്ള വിശാലമായ ഹാളും ടൊയ്ലറ്റ് സംവിധാനങ്ങളുമുണ്ടാകും. രണ്ടാം നിലയിൽ റെക്കാഡുകൾ സൂക്ഷിക്കാനുള്ള മുറികളാണ് പ്രധാനമായും ഒരുക്കുക. ജീവനക്കാർക്കുള്ള ഭക്ഷണമുറിയും വിശ്രമ സൗകര്യവുമുണ്ടാകും.
രജിസ്ട്രേഷനെല്ലാം ഒറ്റയിടത്തേക്ക്
കൊട്ടാരക്കര, നെടുവത്തൂർ, മൈലം, പുത്തൂർ, പവിത്രേശ്വരം വില്ലേജ് ഓഫീസുകളാണ് പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് കീഴിലുള്ളത്. സമീപത്തെ മറ്റ് വില്ലേജുകളിലേത് അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസിലും. എല്ലാം ഒരേ കോമ്പൗണ്ടിലേക്ക് മാറ്റുകയാണ്. ആധാരം രജിസ്ട്രേഷനും വിവാഹവും മറ്റ് ഇതര ആവശ്യങ്ങളുമടക്കം ഒട്ടേറെ ചുമതലകളാണ് സബ് രജിസ്ട്രാർ ഓഫീസുകൾക്കുള്ളത്.