കൊല്ലം: പണ്ട് മുദ്രാവാക്യങ്ങൾ കൊണ്ട് വിറപ്പിച്ച ഫാത്തിമ മാതാ കോളേജിന്റെ വരാന്തകളിലൂടെ ഇന്നലെ എൻ.കെ.പ്രേമചന്ദ്രൻ വീണ്ടും സഞ്ചരിച്ചു. തീപാറുന്ന പ്രസംഗങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച ക്ലാസ് മുറികളിലെത്തി വോട്ട് തേടി. പ്രീഡിഗ്രി മുതൽ ബിരുദം വരെ അഞ്ച് വർഷം പഠിച്ച ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നാണ് പ്രേമചന്ദ്രൻ ഇന്നലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള കാമ്പസ് യാത്ര ആരംഭിച്ചത്.
ഫാത്തിമ കോളേജിലെത്തിയ പ്രേമചന്ദ്രനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ വിദ്യാർത്ഥികൾ സ്വീകരിച്ചു. ബി.എസ്‌സി ക്ലാസ് മുറിയിലിരുന്ന് ഇരമ്പിയാർക്കുന്ന ഓർമ്മകളിലൂടെ സഞ്ചരിച്ച അദ്ദേഹം വിദ്യാർത്ഥികൾക്കൊപ്പം ഫുട്ബാൾ തട്ടിയ ശേഷമാണ് കാമ്പസ് വിട്ടത്. കൊല്ലം ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ്, എസ്.എൻ വനിത കോളേജും സന്ദർശിച്ചു. കൊല്ലം എസ്.എൻ കോളേജിലെത്തിയപ്പോൾ വിദ്യാർത്ഥികൾ കൂട്ടത്തോടെയെത്തി കണിക്കൊന്നപ്പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജ്, പള്ളിമുക്ക് യൂനുസ് എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലും പ്രേമചന്ദ്രന് വൻ വരവേല്പാണ് ലഭിച്ചത്. പ്രേമചന്ദ്രന്റെ കാമ്പസ് പര്യടനം ഇന്നും തുടരും.
വികസന സംവാദത്തിന് തയ്യാറുണ്ടോ ?
താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ കൊല്ലത്ത് കൂടി സഞ്ചരിക്കുമ്പോൾ ജനങ്ങൾക്ക് കാണാനാകുമെന്നും കൊല്ലത്തിന്റെ വികസനം സംബന്ധിച്ച സംവാദത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി തയ്യാറുണ്ടോയെന്നും കാമ്പസ് സന്ദർശനത്തിനിടെ എൻ.കെ.പ്രേമചന്ദ്രൻ ചോദിച്ചു.