
കൊല്ലം: വിദ്യാർത്ഥികൾ പഠനത്തിനൊപ്പം സംരംഭകരുമാകണമെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ പറഞ്ഞു. ചാത്തന്നൂർ എസ്.എൻ കോളേജിൽ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിലിന്റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും നേതൃത്വത്തിൽ സ്റ്റുഡന്റ്പ്രണർ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനത്തിന് ശേഷം തൊഴിൽ തേടി അലയുന്ന സാഹചര്യം ഒഴിവാക്കണം. കാമ്പസ് കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾ പലതും വൻ വിജയമായി മാറുന്നുണ്ട്. ഇങ്ങനെ പഠനകാലത്ത് തന്നെ വിദ്യാർത്ഥികൾ തൊഴിൽ സ്രഷ്ടാക്കളായി മാറണമെന്നും പി.സുന്ദരൻ പറഞ്ഞു.
കോളേജ് പ്രൻസിപ്പൽ എസ്.അംജിത്ത് അദ്ധ്യക്ഷനായി. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോഓർഡിനേറ്റർ പി.വി.രജിമോൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു കൗൺസിൽ സംസ്ഥാന ചെയർമാൻ ഡോ.എസ് വിഷ്ണു സംസാരിച്ചു. കൗൺസിൽ യൂണിറ്റ് കമ്മിറ്റി അംഗം ഡോ.കിരൺ മോഹൻ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.നിഷ സോമരാജൻ നന്ദിയും പറഞ്ഞു. വർക്കല എസ്.എൻ കോളേജിലെ ഹിന്ദി അദ്ധ്യാപകൻ ഡോ.സജിത്ത് ക്ലാസ് നയിച്ചു.