കൊട്ടാരക്കര: അപകടത്തിൽ മരിച്ച സൈനികൾ കൊട്ടാരക്കര താഴത്തുകുളക്കട സുദർശനത്തിൽ സുദർശന ബാബുവിന്റെ (വിമുക്ത ഭടൻ) മകൻ എസ്.അഖിൽ ബാബുവിന് (33) ജന്മനാടിന്റെ യാത്രാമൊഴി. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് വീട്ടുവളപ്പിൽ സംസ്കാരം നടന്നത്.
ചൊവ്വാഴ്ച വൈകിട്ടോടെ വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പാങ്ങോട് മിലിട്ടറി ക്യാമ്പ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ എട്ടരയോടെ സൈനിക ബഹുമതികളോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രത്യേകം സജ്ജമാക്കിയ ആംബുലൻസിൽ മൃതദേഹം എം.സി റോഡ് വഴി കുളക്കടയിലെത്തിച്ചു. ഇവിടെ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായിട്ടാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. നാട്ടുകാരും ബന്ധുക്കളുമടക്കം നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. പതിനൊന്നോടെയാണ് മൃതദേഹം സംസ്കരിച്ചത്. ദേശീയപതാകയും അഖിൽ ബാബുവിന്റെ സൈനിക വസ്ത്രങ്ങളും ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് കൈമാറി. കരസേനയിൽ 21 എൻജിനിയറിംഗ് റെജിമെന്റിലെ ഉദ്യോഗസ്ഥനായിരുന്ന അഖിൽ ബാബു ശനിയാഴ്ച വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയതാണ്. ബംഗളൂരുവിൽ നിന്ന് ലേയിലേക്ക് പോകവെ 18ന് രാവിലെ പതിനൊന്നരയ്ക്ക് നവീമുംബയ് പൻവെൽ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു അപകടം. ട്രെയിനിൽ നിന്ന് പുറത്തിറങ്ങി ആഹാരം വാങ്ങി തിരിച്ചുവരുമ്പോഴേക്കും ട്രെയിൻ വിട്ടു. ഓടിക്കയറാൻ ശ്രമിക്കവേ പ്ലാറ്റ് ഫോമിനും ട്രെയിനിനുമിടയിൽപ്പെട്ടു. ട്രെയിൻ ശരീരത്തിൽ കൂടി കയറിയിറങ്ങിയായിരുന്നു മരണം. അഖിൽ ബാബുവിന് പൂർണ സൈനിക ബഹുമതി ലഭിക്കാഞ്ഞതിനെച്ചൊല്ലി തർക്കവുമുണ്ടായി.