mukesh

അഞ്ചൽ: പുനലൂർ നിയോജക മണ്ഡലത്തിലെ വോട്ടർമാരുടെ സ്വീകരണം ഏറ്റുവാങ്ങി കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ്. അന്തരിച്ച സി.പി.ഐ നേതാവ് പി.കെ.ശ്രീനിവാസന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. തുടർന്ന് ചോഴിയക്കോട് കുടുംബയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. കുളത്തൂപ്പുഴ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികൾ മുകേഷിന് ആവേശകരമായ സ്വീകരണം നൽകി. തുടർന്ന് നാട്ടുകാരോടും തൊഴിലാളികളോടും വോട്ട് അഭ്യർത്ഥിച്ചു.

കൊല്ലത്തിന്റെ അംബാസിഡറാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നുവെന്നും കൊല്ലത്ത് ജനിച്ചുവളർന്ന, കൊല്ലം ഭാഷ സംസാരിക്കുന്ന കൊല്ലത്തെ അത്രമാത്രം സ്നേഹിക്കുന്നയാളാണ് താനെന്നും മുകേഷ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പി.എസ്.സുപാൽ എം.എൽ.എയുടെ വസതിയിൽ നടന്ന ഏരൂർ കുന്നുംപുറം കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നാടകത്തിലും സിനിമയിലും കഥാപ്രസംഗത്തിലും എന്നുവേണ്ട, കലാരംഗത്ത് ഒട്ടനേകം കലാകാരന്മാരെ സംഭാവന ചെയ്ത നാടാണ് കൊല്ലം. അവരിലൊരാളായി വർഷങ്ങളോളം കലാരംഗത്ത് സജീവമായിരുന്നു. കൊല്ലത്തിന്റെ വികസനത്തിനുവേണ്ടി എൽ.ഡി.എഫിന്റെ ഭാഗമാകാൻ അവസരം ലഭിച്ചപ്പോഴാണ് ഏഴു വർഷം മുമ്പ് സജീവ രാഷ്ട്രീയത്തിലേക്കെത്തിയതെന്നും മുകേഷ് പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ കെ.വരദരാജൻ, കെ.രാജു, എസ്.ജയമോഹൻ എന്നിവരും മുകേഷിനെ അനുഗമിച്ചു.