kk
ചാത്തന്നൂർ തോടിനോട്‌ ചേർന്നുള്ള തണ്ണീർത്തടം നി​കത്തി​യ നി​ലയി​ൽ

പാരിപ്പള്ളി: ചാത്തന്നൂർ പഞ്ചായത്തിലെ പകുതിയോളം വാർഡുകൾക്ക് ആശ്രയമായി​രുന്ന ചാത്തന്നൂർ തോടി​ന് ജീവൻ പകരാൻ നടപടി​ വേണമെന്ന് നാട്ടുകാർ. പഞ്ചായത്തിലെ ഒൻപതാം വാർഡായ കാരംകോട് തലച്ചിറക്കുളത്ത് തുടങ്ങി ഒൻപത് വാർഡുകളിലൂടെ 9.5 കിലോമീറ്ററോളം ഒഴുകി പോളച്ചിറ ഏലായിൽ പ്രവേശിക്കുന്ന തോട് നി​ലവി​ൽ ഹോട്ടലുകളിലെ മാലിന്യങ്ങളും വിസർജ്യങ്ങളും കൊണ്ട് മലിനമാണ്.

ഒരുകാലത്ത് നാട്ടുകാർ കുളിക്കാനും കാലികളെ കുളിപ്പിക്കാനും കൃഷിക്കും ഈ തോട്ടിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കൈയേറ്റങ്ങൾ തോടിന്റെ വിസ്തൃതി ചുരുക്കി. നീരുറവകൾ അടച്ച് റോഡുകൾ നിർമ്മിച്ചു. നീരൊഴുക്ക് നിലച്ച തോടിന്റെ തീരത്തെ ഏലാകളും നികത്തിയതോടെ നെൽക്കൃഷി പൂർണമായും ഇല്ലാതായി. തോടുസംരക്ഷണത്തിന് ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് എല്ലാവർഷവും തുക വകയിരുത്തുമെങ്കിലും ശരിയായ ആസൂത്രണമില്ലാത്തതിനാൽ പദ്ധതി ലക്ഷ്യം കാണില്ല. തൊഴിലുറപ്പ് തൊഴിലാളികളെ നി​യോഗി​ച്ച് എല്ലാ വർഷവും തോട്ടിലെ കള നീക്കം നീക്കം ചെയ്യൽ, നീർച്ചാൽ തെളിക്കൽ, നീരുറവ സംരക്ഷിക്കൽ എന്നിവയ്ക്കാണ് തുക അനുവദിക്കുന്നത്. എന്നാൽ ആസൂത്രണമില്ലായ്‌മ കാരണം ഇവയൊന്നും നടക്കാറില്ല.