എഴുകോൺ: പത്താം ക്ലാസ് രസതന്ത്രം പരീക്ഷ എഴുതി വീട്ടിലെത്തിയ മകനെ കാത്തിരുന്നത് അച്ഛന്റെ വിയോഗവാർത്ത.കരീപ്ര പ്ലാക്കോട് പുന്തല വീട്ടിൽ ബാബു പിള്ളയുടെ മകൻ അജീഷിനാണ് പരീക്ഷാ ഹാളിൽ നിന്നെത്തി അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടി വന്നത്.

ബാബു പിള്ള ഒരാഴ്ചയായി രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ 4.15ന് മരിച്ചു. കുഴിമതിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അജീഷിന് പരീക്ഷാ ദിവസമായതിനാൽ മരണ വിവരം ബന്ധുക്കൾ അജീഷിൽ നിന്നും പ്ലസ് ടു വിദ്യാർത്ഥിയായ സഹോദരി കാവ്യയിൽ നിന്നും മറച്ചുവച്ചു. പതിവുപോലെ സ്കൂളിലെത്തി രസതന്ത്രം പരീക്ഷ എഴുതിയ അജീഷ് സ്കൂളിൽ കാത്തുനിന്ന ബന്ധുവിനൊപ്പം കുടുംബ വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ തങ്ങളെ വിട്ടുപോയെന്ന യാഥാർത്ഥ്യം അറിഞ്ഞത്. തുടർന്ന് വിങ്ങലോടെ അച്ഛന്റെ അന്ത്യ കർമ്മങ്ങൾ നിർവഹിക്കുകയായിരുന്നു. ബാബു പിള്ള ആശുപത്രിയിൽ ചികിത്സയിലായതിനാൽ അജീഷും കാവ്യയും പ്ലാക്കോട്ടുള്ള അമ്മ വീട്ടിൽ നിന്നാണ് സ്കൂളിലേക്ക് പോയിരുന്നത്. പുന്തല വീട്ടിൽ ഗോപാലപിള്ളയുടെയും ഭാരതിയമ്മയുടെയും മകനാണ് ബാബു പിള്ള (49). മകളായ കാവ്യയ്ക്ക് ഇന്ന് പരീക്ഷയുണ്ട്. അജീഷിന് ഇനി രണ്ട് പരീക്ഷകൾ ബാക്കിയുണ്ട്.

കവിതയാണ് ബാബു പിള്ളയുടെ ഭാര്യ.