photo
നികത്തൽ ഭീഷണ ിനേരിടുന്ന നെൽപ്പാടങ്ങൾ

കരുനാഗപ്പള്ളി: വേനൽ കടുത്തതോടെ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നെൽ വയലുകൾ വ്യാപകമായി നികത്തുന്നു. സർക്കാരിന്റെ നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമം കാറ്റിൽ പറത്തിക്കൊണ്ടുള്ള നിലം നികത്തലാണ് നടക്കുന്നത്. കുലശേഖരപുരത്തെ മാരൂർത്താഴെ പാടശേഖരം, കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന മുപ്പട്ടിൽ പാടം, തോണ്ടത്തറ പാടം, പള്ളിക്കൽപാടം, ആലുംകടവ് പാടം, മുണ്ടകപ്പാടം ഇതെല്ലാം നികത്തൽ ഭീഷണി നേരിടുകയാണ്. കാൽ നൂറ്റാണ്ടിന് മുമ്പ് വരെ രണ്ടുപൂവ് നെൽക്കൃഷിയും ഒരു പൂവ് എള്ളും കൃഷി ചെയ്തിരുന്ന പാടശേഖരമാണ് വ്യാപകമായി നികത്തുന്നത്.

നീർച്ചാലുകളും ഇല്ലാതായി

നെൽ വയലുകൾ നികത്തുന്നതോടൊപ്പം വെള്ളം ഒഴുകി പോകുന്നതിനുള്ള നീർച്ചാലുകളും നികത്തപ്പെടുകയാണ്. മഴക്കാലത്ത് വെള്ളം ഒഴുകി തഴത്തോടുകളിൽ പോകുന്നതിനുള്ള മാർഗമാണ് ഇതോടെ അടഞ്ഞത്. അതോടെ തോടുകളുടെ വശങ്ങളിൽ വ്യാപകമായ വെള്ളപ്പൊക്കം ഉണ്ടാകുന്നു. നെൽവയലുകളും തണ്ണീടത്തടങ്ങളും നികത്തുന്നത് പരിശോധിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ ചെയർമാൻ എന്നിവർ ചെയർമാൻമാരായും കൃഷി ഓഫീസർമാർ കൺവീനറൻമാരും വില്ലേജ് ഓഫീസർമാരും അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ അംഗങ്ങൾ എന്നിവരും ഉൾക്കൊള്ളുന്ന എൽ.എൽ.എം.സി കമ്മിറ്റി നിലവിൽ ഉണ്ട്. ഇവരാണ് നെൽവയൽ നികത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്ത് മുകളിലേക്ക് അയക്കേണ്ടത്. എന്നാൽ ഇതെല്ലാം ഒരു പ്രഹസനമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

നികത്തലിനെതിരെ ആരും ശബ്ദിക്കാറില്ല

രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമായി നെൽ വയൽ നികത്താനുള്ള മൗനാനുവാദമാണ് ഭൂ ഉടമകൾക്ക് ലഭിക്കുന്നത്. വർഷങ്ങളായി കൃഷി ഇറക്കാതെ കിടക്കുന്ന നെൽ വയലുകൾ ഭൂമാഫിയകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നു. തുടർന്ന് ഇതെല്ലാം റെക്കാർ‌ഡുകളിൽ പുരയിടമാക്കി മാറ്റി നികത്തി വലിയ വിലക്ക് വിൽക്കുന്നതാണ് ഇപ്പോൾ കരുനാഗപ്പള്ളിയിൽ നടക്കുന്നത്. നെൽവയൽ നികത്തുന്നതിനെതിരെ ശബ്ദിക്കുന്നവരുടെ നാവുകൾ എല്ലാ തരത്തിലും കുത്തിക്കെട്ടാൻ അധികാരമുള്ളവരാണ് മറുപക്ഷത്തുള്ളത്. ഇപ്പോൾ നെൽ വയൽ നികത്തുന്നതിനെതിരെ ആരും ശബ്ദിക്കാറില്ല. ശബ്ദിക്കുന്നവരുടെ വായ പണം കൊണ്ട് തുന്നിക്കെട്ടും. ഈ നില തുടർന്നാൽ ഏറെ താമസമില്ലാതെ കരുനാഗപ്പള്ളിയിലെ നെൽപ്പാടങ്ങളും നീർച്ചാലുകളും പൂർണമായും നികത്തും.