കൊട്ടാരക്കര: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികളുടെ ഭാഗമായി അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി കൊട്ടാരക്കര റീജിയണൽ കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് വേതനം നൽകിയിട്ട് ഒരു വർഷമായിയെന്ന് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ഇതുമൂലം തൊഴിലാളി കുടുംബങ്ങൾ കൊടും പട്ടിണിയിലും ബുദ്ധിമുട്ടിലുമാണ്. ഒരു വർഷമായി മുടങ്ങിക്കിടക്കുന്ന വേതനം തനതു ഫണ്ടിൽ നിന്ന് നൽകുവാൻ നഗരസഭ സത്വര നടപടി സ്വീകരിക്കണം. സർക്കാർ ഫണ്ട് ലഭിക്കുമ്പോൾ അതു തിരികെ നൽകുകയാണ് പതിവ്. കൊട്ടാരക്കര ഒഴികെ കേരളത്തിലെ 87 നഗരസഭകളിലും 5 കോർപ്പറേഷനിലും ഇങ്ങനെയാണ് വേതനം വിതരണം ചെയ്തിട്ടുള്ളത്. ചെയ്ത പണിയുടെ വേതനം അടിയന്തരമായി വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം നഗരസഭ ഉപരോധം ഉൾപ്പെടെയുള്ള സമരവുമായി മുന്നോട്ടു പോകുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പ്രസിഡന്റ് വി.ഫിലിപ്പ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ കണ്ണാട്ട് രവി, ജോളി പി.വർഗീസ്, തോമസ് മാത്യു,ഷൂജ ജസിം, പവിജ, ജയ്സി ജോൺ, ,യൂണിയൻ നേതാക്കളായ എലിസബത്ത് സജി, കുഞ്ഞിക്കുട്ടി, ലീലാമ്മ, വിജയലക്ഷ്മി, തങ്കമണി, ജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.