അറവുമാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നു
കൊല്ലം: കിളികൊല്ലൂർ തോട്ടിൽ അറവുമാലിന്യങ്ങളടക്കം തള്ളുന്നത് പതിവായതോടെ കോയിക്കൽ ശാസ്താനഗർ ഭാഗത്ത് നൂറോളം കുടുംബങ്ങൾ ദുരിതത്തിലായി. ദുർഗന്ധം കാരണം മൂക്കുപൊത്താതെ വയ്യാത്ത അവസ്ഥ.
പ്ലാസ്റ്റിക് മാലിന്യങ്ങളും വലിയ തോതിൽ തോട്ടിലേക്ക് തള്ളുന്നുണ്ട്. കറുത്ത നിറമായി വെള്ളത്തിന്. നഗരത്തിൽ നിന്നുൾപ്പെടെ മാലിന്യങ്ങൾ തോട്ടിലേക്ക് വലിച്ചെറിയുന്നുണ്ട്. രാത്രി കിളികൊല്ലൂർ- കടപ്പാക്കട പാലത്തിന് മുകളിൽ നിന്ന് വാഹനങ്ങളിലെത്തി മാലിന്യം വെള്ളത്തിലേക്ക് എറിയുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ചെളിയും മാലിന്യങ്ങളും അടിഞ്ഞു കിടക്കുന്നതിനാൽ തോട്ടിൽ ഒഴുക്കുമില്ല. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ രാത്രി സമയത്ത് ചാക്കിൽ കെട്ടി തോട്ടിൽ തള്ളുന്നത് പതിവാണ്. മഴക്കാലത്ത് അറവുമാലിന്യങ്ങളടക്കം വീടുകളിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണ്.
റോഡും തോടും വേർതിരിക്കാനുള്ള സംരക്ഷണ ഭിത്തികൾ തകർന്ന നിലയിലാണ്. അതിനാൽ ശാസ്താനഗർ ഭാഗത്ത് അപകടങ്ങളും പതിവാണ്. വർഷങ്ങൾക്ക് മുൻപ് തോട്ടിലെ വെള്ളം കുളിക്കാനുൾപ്പെടെ ഉപയോഗിച്ചിരുന്നു. ആ തോടാണ് കാൽ നനയ്ക്കാൻ പോലുമാകാത്ത വിധം മലിനമായത്.
പകർച്ചവ്യാധി ഭീഷണിയും
കൊതുക് ശല്യം രൂക്ഷമായതോടെ പകർച്ചവ്യാധി ഭീഷണിയുമുണ്ട്. തോട് വൃത്തിയാക്കി സംരക്ഷണ ഭിത്തി കെട്ടുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും വേണമെന്നാണ് നാടിന്റെ ആവശ്യം. അയത്തിലിൽ നിന്ന് മങ്ങാട് കായലിലൂടെ അഷ്ടമുടി കായലിലാണ് കിളികൊല്ലൂർ തോട് പതിക്കുന്നത്. കോയിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളും കോയിക്കൽ ശ്രീകണ്ഠൻ ശാസ്താക്ഷേത്രവും ഈ തോടിന് സമീപത്താണ്.
തോടിന്റെ ഒഴുക്ക് നിലച്ചതോടെ കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ നിന്നു അസഹനീയമായ ദുർഗന്ധമാണ് പരക്കുന്നത്. വീട്ടിലിരുന്ന് ആഹാരം കഴിക്കാൻ കഴിയാത്ത ഗതികേടിലാണ്
സുധീർ, പ്രദേശവാസി
തോടിന്റെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി പരിഹാരം കാണണം. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കണം
കുമാരൻ, പ്രദേശവാസി
തോട് വൃത്തിയാക്കിത്തുടങ്ങി. ചൂരാങ്ങൽ ഭാഗമാണ് ഇപ്പോൾ വൃത്തിയാക്കുന്നത്. ഘട്ടം ഘട്ടമായി തോട് മുഴുവൻ മാലിന്യമുക്തമാക്കി സംരക്ഷണഭിത്തി കെട്ടും. കൂടാതെ ചെളിയും മണ്ണും നീക്കി ആഴവും കൂട്ടും. 12 കോടിയുടെ
പുനരുജ്ജീവന പദ്ധതിയാണ് നടപ്പാക്കുന്നത്
വി.സന്തോഷ്, കൗൺസിലർ, കോയിക്കൽ വാർഡ്