ഓയൂർ : കൈതക്കുഴി എൻ.എം .എച്ച്.എസ്.എസിലേക്ക് വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ചും ധർണയും നടത്തി.മാനേജ്മെന്റിന്റെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് പിന്മാറി സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സ്കൂൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കൈതക്കുഴി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സ്കൂൾ കവാടത്തിൽ സമാപിച്ചു. ശേഷം നടന്ന ധർണയിൽ സ്കൂൾ വിദ്യാഭ്യാസ സംരക്ഷണ സമിതി പ്രസിഡന്റ് ഓയൂർ സുനിൽ മക്റാന അദ്ധ്യക്ഷനായി. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ടിങ്കു പ്ലാക്കാട് ഉദ്ഘാടനം ചെയ്തു. പി.കെ. ലിബു, ഷൈജു കോശി, ഗ്രാമപഞ്ചായത്തംഗം എഡിയാമ്മ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു.