
കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കവേ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോരാട്ടം അതി രൂക്ഷം!. റീലുകളും ട്രോളുകളും നിറയ്ക്കാൻ ഓരോ മുന്നണിയും പ്രൊഫഷണൽ ടീമുകളെത്തന്നെ നിയോഗിച്ചിട്ടുണ്ട്. കമന്റ് ബോക്സുകളിൽ പരസ്പരം ചെളിയേറും തകൃതി!
പ്രചാരണങ്ങളുടെയും റോഡ് ഷോകളുടെയും 30 സെക്കൻഡ് ദൈർഘ്യമുള്ള ഹെലിക്യാം ഷോട്ടുകൾ ഉൾപ്പെടുത്തിയുള്ള റീലുകളാണ് ഇൻസ്റ്റഗ്രാമിലെ ട്രെൻഡ്. മുന്നണികളുടെ ഔദ്യോഗിക ഗ്രൂപ്പുകളിൽ ഇവ വരുമ്പോൾ തന്നെ പരമാവധി ഷെയർ ചെയ്യണമെന്ന നിർദ്ദേശം പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. കമന്റ് നൽകേണ്ടവർ, പോസ്റ്റിന് റീച്ചുണ്ടാക്കേണ്ടവർ, കണ്ടന്റ് ക്രിയേറ്റേഴ്സ് എന്നിങ്ങനെയാണ് ടീമുകളെ നിയോഗിച്ചിരിക്കുന്നത്. വാട്സ് ആപ്പ് പ്രചാരണത്തിന് പുറമേ ടെലിഗ്രാം ബോട്ടുകളുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. ട്രെൻഡിനൊപ്പം നിലപാട് മാറ്റുന്ന യുവ വോട്ടർമാരെയാണ് മുന്നണികൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
പ്രചാരണത്തിലെ വേറിട്ട മുഹൂർത്തങ്ങൾ ഒപ്പിയെടുക്കാൻ സ്ഥാനാർത്ഥികൾക്കൊപ്പം ടീമുണ്ട്. ഓരോ അരമണിക്കൂറിലും സ്ഥാനാർത്ഥിയുടെ പുതുപുത്തൻ പ്രചാരണ വീഡിയോകളും ദൃശ്യങ്ങളും അതത് ഗ്രൂപ്പുകളിൽ നിറയും.
വൈറൽ ട്രെൻഡിനൊപ്പം എം.മുകേഷ്
യുവ എഴുത്തുകാരനായ അഖിൽ.പി.ധർമ്മജന്റെ ഏറ്റവും പുതിയ നോവലായ റാം കെയർ ഒഫ് ആനന്ദിയുടെ കവർ ചിത്രത്തിന്റെ ഡിസൈൻ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. ഈ ട്രെൻഡിനൊപ്പമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.
ഇതേ ഡിസൈനിലുള്ള രണ്ട് പോസ്റ്ററുകളാണ് എം. മുകേഷിന്റേതായി ഇറങ്ങിയത്. വലിയ സ്വീകാര്യതയും കിട്ടി. റാം കെയർ ഒഫ് ആനന്ദിയുടെ കവർ ഡിസൈൻ ചെയ്തിരിക്കുന്നത് ആലപ്പുഴയിലെ തിങ്കിംഗ് ആൻഡ് എന്ന ഡിസൈൻ സ്ഥാപനം നടത്തുന്ന ഹരിൻ കൈരളി പുന്നപ്ര ആണ്. നിമ്ന വിജയ് എഴുതിയ 'ഏറ്റവും പ്രിയപ്പെട്ട നിന്നോട്' എന്ന നോവലിന്റെ കവർ ഡിസൈൻ മാതൃകയിലും ഇടത് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ പുറത്തിറങ്ങിയിട്ടുള്ളത്. മുകേഷ് അഭിനയിച്ച സിനിമകളിലെ സംഭാഷണങ്ങൾ ഉൾപ്പെടുത്തിയുള്ള റീലുകളും കളം നിറയുകയാണ്.