കുന്നത്തൂർ : "പെൻഷൻ പോലും തരാത്ത അവന്മാര് വോട്ട് ചോദിച്ച് വീട്ടിൽ വന്നാൽ കുറ്റിച്ചൂലിന് അടി കൊടുക്കും മോനെ,മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ കിട്ടുമെന്ന് കരുതി ബാങ്കിൽ ചെന്നപ്പോൾ കിട്ടിയത് ഒരു മാസത്തെ മാത്രം ...". വോട്ട് ചോദിച്ചെത്തിയ മാവേലിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ കരം പിടിച്ച് ഭരണിക്കാവ് ടൗണിൽ വച്ച് ആനയടി സ്വദേശിയായ സത്യഭാമയെന്ന വൃദ്ധ രോക്ഷാകുലയായി. കോൺഗ്രസ് അധികാരത്തിൽ എത്തട്ടേ,എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് നൽകി കൊടിക്കുന്നിൽ മുന്നോട്ട് നീങ്ങി. കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ് ചുട്ട് പൊള്ളുന്ന ചൂടിനെ പോലും അവഗണിച്ച് ഭരണിക്കാവ് ടൗണിൽ വോട്ട് അഭ്യർത്ഥിച്ച് കൊടിക്കുന്നിൽ എത്തിയത്. ഭരണിക്കാവ് എസ്.ബി.ഐ ബ്രാഞ്ചിൽ എത്തിയപ്പോഴും പെൻഷൻ കിട്ടാത്ത പരാതികളായിരുന്നു അധികം പേരും പങ്കുവച്ചത്.പിന്നീട് ഭരണിക്കാവിലെ ഹോട്ടലിൽ കയറിയപ്പോൾ ആഹാരം കഴിച്ചു കൊണ്ടിരുന്ന ഒരമ്മയ്ക്ക് ഒരു ചെറിയ ആഗ്രഹം. മറ്റൊന്നുമല്ല തന്റെ മകനെ പോലെ കൊടിക്കുന്നിൽ വാരിക്കൊടുക്കണം. ആ അമ്മയുടെ ആഗ്രഹം സാധിച്ച ശേഷം വീണ്ടും അടുത്തിടത്തേക്ക്. ഓട്ടോ ഡ്രൈവർമാർ നൽകിയത് ഹൃദ്യമായ വരവേൽപ്പ്.പിന്നീട് ചാരുംമൂട്ടിലേക്ക് പോകാൻ കിടന്ന ബസിൽ കയറി യാത്രക്കാരോടും വോട്ട് അഭ്യർത്ഥിച്ചു.