കുന്നത്തൂർ: കനാൽ വൃത്തിയാക്കി മടങ്ങിയ യുവാക്കളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കടമ്പനാട് തൂവയൂർ തെക്ക് സജി മന്ദിരത്തിൽ സുധി(27),തൂവയൂർ തെക്ക് രാജീവ് ഗാന്ധി കോളനിയിൽ സുധീഷ് ഭവനത്തിൽ സുമേഷ് (28),തൂവയൂർ തെക്ക് മുണ്ടപ്ലാവിളയിൽ അഭിസാജ്(28) എന്നിവരാണ് അറസ്റ്റിലായത്. കല്ലുകുഴിക്ക് സമീപം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ശാസ്താംകോട്ട സി.ഐ രാകേഷ്,എ.എസ്.ഐ ശ്രീകുമാർ,സി.പി.ഒ ഷോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 12 ഓടെ വേമ്പനാട്ടഴികത്ത് ജംഗ്‌ഷന് കിഴക്കുവശം പുത്തൂച്ചിറയിൽ ആയിരുന്നു സംഭവം. കനാൽ ശുചീകരണം നടത്തി മടങ്ങി വരികയായിരുന്ന യുവാക്കളെയാണ് സംഘം ചേർന്ന് മർദ്ദിച്ചത്. ഹെൽമറ്റും മാരകായുധങ്ങളും കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ കുന്നത്തൂർ ഐവർകാല നടുവിൽ കെ.ജി സദനത്തിൽ ജിജോ (32),കൊയ്പ്പള്ളിവിള വീട്ടിൽ സുരേഷ് (38) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കുന്നത്തൂർ പഞ്ചായത്ത് ഓഫീസിലെ ഡ്രൈവർ ഐവർകാല നടുവിൽ കൊയ്പ്പള്ളിൽ വീട്ടിൽ രഞ്ജിത്ത് (42) ഉൾപ്പെടെ 8 പേർ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.അതിനിടെ ഒന്നാം പ്രതി ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.