കൊല്ലം: ഹൻസിത മണ്ണുമാന്തി കപ്പൽ കൊല്ലം തുറമുഖത്ത് നിന്ന് വ്യാജരേഖ കാണിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. കോഴഞ്ചേരി കോളേജ് ജംഗ്ഷന് സമീപം കുറുന്തോട്ടിക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി, ഭാര്യ സന്ധ്യ, സന്ധ്യയുടെ മകൻ മിഥുൻ എന്നിവരെയാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഞ്ജു മീര ബിർള വെറുതെവിട്ടത്.
2014 ലാണ് കേസിനാസ്പദമായ സംഭവം. ദിവസങ്ങളോളം നങ്കൂരമിട്ട വാടകയിനത്തിൽ 37 ലക്ഷം രൂപ ഈടാക്കാൻ ഹൻസിക കപ്പൽ കൊല്ലം പോർട്ട് പിടിച്ചെടുത്തു. എന്നാൽ 37 ലക്ഷത്തിന് പകരം 1,42,023 രൂപ സ്വീകരിച്ച് കപ്പൽ വിട്ടുനൽകണമെന്ന് കാണിച്ച് കപ്പലിന്റെ ഏജന്റായി പ്രവർത്തിച്ചിരുന്ന പ്രതികൾ തിരുവനന്തപുരം ഡയറക്ടർ ഒഫ് പോർട്ടിന്റെ പേരിൽ ഒപ്പും മുദ്രയും പതിച്ച കത്തും പോർട്ട് ഡ്യൂ സ്റ്റേറ്റ്മെന്റും വ്യാജമായി നിർമ്മിച്ച് കൊല്ലം പോർട്ട് ഓഫീസിൽ ഹാജരാക്കി.
സംശയം തോന്നി തിരുവനന്തപുരം തുറമുഖ ഡയറക്ടറുമായി ബന്ധപ്പെട്ടപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് അറിയുന്നത്. തുടർന്ന് തുറമുഖ ഡയറക്ടർ വിജിലൻസിന് പരാതി നൽകി. വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് കൊല്ലം ഈസ്റ്റിലേക്ക് കൈമാറുകയുമായിരുന്നു. ഈസ്റ്റ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതും.
13 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ പരിശോധിക്കുകയും ചെയ്തു. കുറ്റപത്രത്തിൽ പറയുന്നവ പ്രതികൾ ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് പ്രതികളെ വെറുതെവിട്ടത്. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ ഉമയനല്ലൂർ ബി. ദീപു, കൃഷ്ണൻ എസ്.രാജ്, അമൽ മേനോൻ തിരുനെല്ലിൽ, ലിജിൻ ഫെലിക്സ്, അരുൺ പ്രസാദ് എന്നിവർ ഹാജരായി.