photo
ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ അന്തേവാസികൾ

കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കലിൽ ഒരു കുടുംബത്തിൽ ഒന്നും രണ്ടുമല്ല, 36 വോട്ടുകൾ!. സമുദ്രതീരം മതേതര വയോജന കേന്ദ്രം പ്രവർത്തനം തുടങ്ങിയ ശേഷമുള്ള ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പാണിത്. മൂന്നുവർഷം മുമ്പാണ് ദേശീയപാതയ്ക്ക് സമീപത്തായി കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

അവശതയുള്ളതും അല്ലാത്തവരുമായ 36 പേരാണ് ഇവിടുത്തെ അന്തേവാസികൾ. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി നേടിയാണ് 36 പേരെയും വോട്ടർ പട്ടികയിൽ ചേർത്തത്. സ്വന്തം വീടുകളിൽ താമസിച്ചിരുന്നവർക്ക് അവിടെ വോട്ടുണ്ടായിരുന്നത് റദ്ദുചെയ്തു. ഇപ്പോൾ 36 പേർക്കും സമുദ്രതീരത്തിന്റെ വിലാസത്തിലാണ് വോട്ടർ പട്ടികയിൽ പേര്. അതുകൊണ്ടുതന്നെ വോട്ട് ഉറപ്പിക്കാൻ പാർട്ടി പ്രവർത്തകരും നിരന്തരമെത്തുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയമുള്ളവരും ഇന്നേവരെ വോട്ട് ചെയ്യാത്തവരും കൂട്ടത്തിലുണ്ട്. അന്തേവാസികളെ കൂടാതെ സമുദ്രതീരം ചെയർമാൻ റുവൽസിംഗും കുടുംബവും മറ്റ് സേവന പ്രവർത്തകരും കൂടി ചേരുമ്പോൾ വോട്ടർമാരുടെ എണ്ണം കൂടും. കൂടുതൽ അന്തേവാസികളുള്ള അഭയകേന്ദ്രങ്ങൾ ഉണ്ടെങ്കിലും അവരിൽ മിക്കവരും വോട്ടർ പട്ടികയിൽ ഇടംനേടിയിട്ടില്ല, ഉണ്ടെങ്കിൽ തന്നെ ഒരേ വിലാസത്തിൽ വോട്ടർ പട്ടികയിൽ പേര് ചേ‌ർക്കാറുമില്ല.

സമുദ്രതീരത്തിലെ അച്ഛനമ്മമാർക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാം. അതൊക്കെ പൗരന്റെ അവകാശമാണ്.

റുവൽ സിംഗ്, ചെയർമാൻ, സമുദ്രതീരം