കൊല്ലം: ജലാശയങ്ങൾ കണ്ട് ആവേശത്തോടെ കുളിക്കാനിറങ്ങി ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ജില്ലയിൽ ഈ വർഷം ഇതുവരെ 24 ആയി. കഴിഞ്ഞവർഷം 77 പേർ മുങ്ങി മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മുങ്ങിമരണങ്ങൾ സംബന്ധിച്ച് ഫയർഫോഴ്സ് തയ്യാറാക്കിയ കണക്കനുസരിച്ച് സംസ്ഥാനത്ത് ആറാം സ്ഥാനത്തുണ്ട് കൊല്ലം.
പരവൂർ പൊഴിക്കരയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പുനലൂർ കാഞ്ഞിരമല സ്വദേശിയായ യുവാവ് മുങ്ങിമരിച്ചത് കഴിഞ്ഞ 19നാണ്. വേനലായതിനാൽ വെള്ളം കുറവാണെന്ന് കരുതിയാണ് നീന്തൽ വശമില്ലാത്തവർ ഉൾപ്പെടെ ജലാശയങ്ങളിൽ ഇറങ്ങുന്നത്. രക്ഷപ്പെടുത്താൻ ഇറങ്ങുന്നവരും അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇങ്ങനെ പെടുന്നതിൽ ഭൂരിഭാഗവും കുട്ടികളാണ്. ജില്ലയിൽ അപകടത്തിൽപ്പെടുന്നവരിൽ അധികവും വിദ്യാർത്ഥികളും യുവാക്കളുമാണ്. ജലാശയങ്ങളുടെ സ്വഭാവമറിയാതെയുള്ള എടുത്തുചാട്ടങ്ങളാണ് അപകടപ്പെടുത്തുന്നത്.
ശ്രദ്ധിച്ചാൽ തടയാം മുങ്ങിമരണങ്ങൾ
കുട്ടികൾക്ക് സ്കൂളുകളിൽ നീന്തൽ പരിശീലനം ഏർപ്പെടുത്തണം
പ്രാഥമിക ശുശ്രൂഷ പരിശീലനം നൽകണം
മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ, കുളിക്കാനോ, കളിക്കാനോ അനുവദിക്കരുത്
ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെ പറ്റി ബോധവത്കരണം
അപകട സാദ്ധ്യതയുള്ള ഇടങ്ങളിൽ വേലി കെട്ടി പ്രവേശനം നിയന്ത്രിക്കണം
പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുക
അപസ്മാരം, ശ്വാസകോശ രോഗങ്ങളുള്ളവർ ജലാശയങ്ങളിൽ ഇറങ്ങരുത്
ഫയർ ഫോഴ്സ് ഓഫീസ്, മുങ്ങിമരണം (2023, 2024)
കൊല്ലം (കടപ്പാക്കട): 3, 3
ചാമക്കട: 10,1
കുണ്ടറ: 7,1
കൊട്ടാരക്കര: 6, 3
കരുനാഗപ്പള്ളി: 9,2
പരവൂർ: 4, 4
കടയ്ക്കൽ: 3,1
ശാസ്താംകോട്ട:13, 3
ചവറ: 8,1
പത്തനാപുരം: 4, 2
പുനലൂർ: 10,3
നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് സർക്കാർ മുഖംതിരിക്കുകയാണ്. ജലാശയങ്ങളിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻ മതിയായ സംവിധാനങ്ങളുമില്ല.
ഗിന്നസ് ഡോൾഫിൻ രതീഷ് , നീന്തൽ അദ്ധ്യാപകൻ, ജീവൻ രക്ഷാപ്രവർത്തകൻ
മുൻപരിചയമില്ലാത്തവർ ഒരുകാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്. മുന്നറിയിപ്പുകൾ അവഗണിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ