
ഓച്ചിറ: വായ്പാ കുടിശികയെ തുടർന്ന് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തുള്ള നോട്ടീസ് പതിച്ചതിന് പിന്നാലെ ഗൃഹനാഥൻ വിദേശത്ത് ജീവനൊടുക്കി. ക്ലാപ്പന ചാലപ്പള്ളിൽ ലക്ഷം വീട് കൊച്ചുതറയിൽ (ചൈത്രം) വിജയനാണ് (61) ബുധനാഴ്ച മസ്കറ്റിൽ ജീവനൊടുക്കിയത്.
മസ്കറ്റിലെ ഇബ്രിയിൽ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്ക് അധികൃതർ വിജയന്റെ വീടിന്റെ ചുവരിൽ ജപ്തി നോട്ടീസ് പതിച്ചത്. ഈസമയം വിജയന്റെ ഭാര്യ മാമിയും അമ്മ ചെല്ലമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
വിജയൻ വർഷങ്ങളായി വിദേശത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുകയാണെങ്കിലും കാര്യമായ സമ്പാദ്യം ഉണ്ടായിരുന്നില്ല. 2016ലാണ് വീട് നവീകരണത്തിനായി 1.75 ആർസ് വസ്തു പണയപ്പെടുത്തി 7 ലക്ഷം രൂപ വായ്പയെടുത്തത്. പലതവണയായി നാല് ലക്ഷം രൂപ തിരികെ അടച്ചു. 12,59,046 രൂപ കുടിശിക ഉണ്ടെന്നുള്ള നോട്ടീസ് കഴിഞ്ഞ നവംബറിൽ വീട്ടുകാർക്ക് ലഭിച്ചിരുന്നു. ഹൃദ്രോഗബാധയെ തുടർന്ന് ഒരു വർഷം മുമ്പ് വിജയൻ നാട്ടിലെത്തിയിരുന്നു. വായ്പ അടച്ചുതീർക്കേണ്ടതിനാൽ ചികിത്സ പൂർണമാകുന്നതിന് മുമ്പേ വിദേശത്തേക്ക് മടങ്ങി. ഏകമകൻ വിമൽ ജനുവരിയിലാണ് ജോലി തേടി സൗദിയിൽ പോയത്. വിജയന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.