
കഴുതുരുട്ടി :ക്ലീൻ കേരളാ മിഷന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്‌റ്റികും കുപ്പിയും കണ്ണാടിയും മാർക്കറ്റിനകത്ത് കുന്നുകൂടി കിടക്കുന്നത് കച്ചവടക്കാർക്കും സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കും അസൗകര്യമാകുന്നു. ആര്യങ്കാവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങളടങ്ങിയ ചാക്ക് കെട്ടുകളാണ് കഴുതുരുട്ടി മാർക്കറ്റിന്റെ ഒരു ഭാഗം കവർന്നെടുക്കുന്നത്. ഈ ചാക്കു കെട്ടുകൾ കടിച്ചു കീറുന്നത് തെരുവ് നായ്‌ക്കൾക്ക് വിനോദവുമാകുന്നു.
ഞായറാഴ്‌ച്ച മാത്രം പ്രവർത്തിക്കുന്ന മാർക്കറ്റിൽ പുലർച്ചെ മത്സ്യവുമായെത്തുമ്പോൾ നിറയെ വേസ്‌റ്റാണ്. ഹരിത കർമ്മ സേനാംഗങ്ങൾ വേസ്‌റ്റ് തരംതിരിച്ചു ചാക്കിലാക്കിയ ശേഷമുള്ള അവശിഷ്‌ടങ്ങൾ ഞങ്ങൾ വൃത്തിയാക്കേണ്ടി വരുന്നു. വൃത്തിഹീനമായ പരിസരത്ത് മത്സ്യം വിൽക്കാനാകില്ല.മാർക്കറ്റിൽ വിൽപ്പന നടത്തുന്നതിന് പിരിവ് കൊടുക്കുമ്പോഴും ശുചീകരണത്തിന് നടപടിയില്ല.
മത്സ്യ വിൽപ്പനക്കാരൻ
കഴുതുരുട്ടി ചന്ത
പ്ലാന്റേഷനുമായി ബന്ധപ്പെട്ട സ്‌കൂൾ കോമ്പൗണ്ടിലായിരുന്നു ആദ്യം മാലിന്യം ശേഖരിച്ചത്. അവിടെ മെറ്റീരിയൽ കളക്ഷൻ കേന്ദ്രവും ആരംഭിച്ചു. നിലവിൽ സ്‌കൂൾ പ്രവർത്തിക്കാത്ത സാഹചര്യത്തിലായിരുന്നു ഈ നടപടി. എന്നാൽ സ്‌കൂൾ കോമ്പൗണ്ടിൽ മാലിന്യം ശേഖരിക്കുന്നതായി വിവാദം ഉയർന്നതോടെ കളക്‌ടർ ഇടപെട്ട് ഒഴിപ്പിച്ചു.താത്ക്കാലികമായിട്ടാണ് മാർക്കറ്റിൽ ശേഖരിക്കുന്നത്. രണ്ട് മാസത്തിനിടെ 3 ലോഡ് കയറ്റി. പദ്ധതി വിഹിതവും തനത് ഫണ്ടും ചേർത്തു മാർക്കറ്റ് കോമ്പൗണ്ടിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിശ്രമ മുറിയും മെറ്റീരിയൽ കളക്ഷൻ സെന്ററും ചേർത്തുള്ള പദ്ധതി ഉടൻ പൂർത്തിയാകും.
പഞ്ചായത്ത് അധികൃതർ