oil
ഇന്ധന പര്യവേക്ഷണം

 വരുന്നത് യു.കെ കമ്പനി

 കരാർ 154 ദശലക്ഷം ഡോളർ

 പ്രവർത്തനം 24 മണിക്കൂർ

കൊല്ലം: കൊല്ലം അടക്കം മൂന്ന് ഇന്ത്യൻ തീരങ്ങളിൽ ഇന്ധന പര്യവേക്ഷണത്തിനുള്ള കൂറ്റൻ കിണറിന്റെ നിർമ്മാണത്തിന് ഓയിൽ ഇന്ത്യ 154 ദശലക്ഷം ഡോളറിന്റെ കരാർ ഒപ്പിട്ടു. യു.കെയിലെ പ്രമുഖ ഡ്രില്ലിംഗ് കമ്പനിയായ ഡോൾഫിൻ ഡ്രില്ലിംഗ് ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ കിണറിന്റെ നിർമ്മാണം ആരംഭിക്കും. ജലനിരപ്പിൽ നിന്ന് ഏകദേശം 80 മീറ്റർ ആഴത്തിൽ അടിത്തട്ടുള്ള ഭാഗത്ത് നിന്ന് ഏകദേശം 6000 മീറ്റർ വരെ ആഴത്തിലാണ് പര്യവേക്ഷണ കിണർ നിർമ്മിക്കുന്നത്. കിണർ നിർമ്മിക്കുന്നത് കരാർ കമ്പനിയായിരിക്കുമെങ്കിലും ഓയിൽ ഇന്ത്യയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പര്യവേക്ഷണം.

ഇടവേളകളില്ലാതെ 24 മണിക്കൂറും കിണർ നിർമ്മാണം തുടരും. കിണറുകളിൽ കൂറ്റൻ പൈപ്പ് ലൈനുകൾ കടത്തിവിട്ടാണ് ഇന്ധന സാദ്ധ്യത പരിശോധിക്കുക. ദ്രാവക ഇന്ധനങ്ങൾക്ക് പുറമേ വാതക സാദ്ധ്യതകൾ കൂടി പ്രതീക്ഷിച്ചാണ് പര്യവേക്ഷണം. 2020ൽ കൊല്ലം തീരം കേന്ദ്രമാക്കി ഓയിൽ ഇന്ത്യ പരീക്ഷണ പര്യവേക്ഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിശദമായ പര്യവേക്ഷണം നടത്തുന്നത്.

പ്രവർത്തനം കൊല്ലം പോർട്ട് കേന്ദ്രീകരിച്ച്

 ആഴക്കടലിൽ ഇരുമ്പ് കൊണ്ട് കൂറ്റൻ പ്ലാറ്റ്ഫോം സ്ഥാപിച്ച് കിണർ നിർമ്മാണം

 കൂറ്റൻ കപ്പൽ നങ്കൂരമിട്ടായിരിക്കും നിരീക്ഷണവും മേൽനോട്ടവും

 കപ്പലിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളെ അകറ്റാൻ ചുറ്റും ടഗ്ഗുകൾ

 ടഗ്ഗുകൾ വഴി കപ്പലിൽ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ച്

 കൂറ്റൻ പൈപ്പ് ലൈനുകൾ സംഭരിക്കുന്നതും കൊല്ലം പോർട്ടിൽ

പേർട്ടിൽ ഒരുക്കുന്നത്

 ഡ്രില്ലിംഗ് പൈപ്പുകൾ സംഭരിക്കാനുള്ള കൂറ്റൻ യാർഡ്

 ആയിരം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലാന്റ്

 പര്യവേക്ഷണ കപ്പലിനും ടഗ്ഗുകൾക്കും ഇന്ധനം നിറയ്ക്കാൻ കൂറ്റൻ ടാങ്ക്

 ഉദ്യോഗസ്ഥർക്ക് യോഗം ചേരാൻ താത്കാലിക ഓഫീസ്

പര്യവേക്ഷണവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ, ഇന്റർനെറ്റ് സംവിധാനങ്ങളുള്ള പ്രത്യേക ഓഫീസ് പോർട്ട് കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക.

കൊല്ലം പോർട്ട് അധികൃതർ