block-office-
അഞ്ചാലുംമൂട്ടിലെ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം കാട് കയറിയ നിലയിൽ

കൊല്ലം: അഞ്ചാലുംമൂട്ടിലെ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം കോർപ്പറേഷന്റെ സോണൽ ഓഫീസാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തി​ നി​ൽക്കവേ, കെട്ടിടത്തിന്റെ ശേഷി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ടി.കെ.എം കോളേജിലെ വിദഗ്ദ്ധരെ നിയോഗിച്ചു. റിപ്പോർട്ട് ലഭിച്ചാൽ അറ്റകുറ്റപ്പണികൾ തുടങ്ങും.

വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന കെട്ടിടത്തിലേക്ക് തൃക്കടവൂർ സോണൽ ഓഫീസാണ് മാറ്റുന്നത്. ഇപ്പോൾ സോണൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ച് പണിയും. കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.50 കോടി ഉപയോഗിച്ചാണ് പുതിയ സോണൽ ഓഫീസ് നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞമാസം 26 ന് മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. രണ്ടു മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ശ്രമിക്കുന്നത്.പുതിയ സോണൽ ഓഫീസ് പ്രവർത്തനം തുടങ്ങുന്ന മുറയ്‌ക്ക് ബ്ലോക്ക് ഓഫീസ് കെട്ടിടം മറ്റെന്തെങ്കിലും ഓഫീസ് ആവശ്യത്തിനായി ഉപയോഗിക്കും. അക്കാര്യത്തിൽ

അന്തിമ തീരുമാനമായിട്ടില്ല.

പ്ലാസ്റ്റിക് വേസ്റ്റ് സംഭരിക്കാൻ ഹരിതകർമ്മസേനയാണ് നിലവിൽ കെട്ടിടം ഉപയോഗിക്കുന്നത്. കെട്ടിടത്തിന്റെ പലഭാഗങ്ങളും ഇടിഞ്ഞും ചെടി വളർന്ന നിലയിലുമാണ്. റിപ്പോ‌ർട്ട് ലഭിച്ച ഉടൻ അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം. രാത്രിയിൽ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. തൃക്കടവൂരും മറ്റ് നാല് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് അഞ്ചാലുംമൂട് ബ്ലോക്ക്. ആദ്യം ചെറിയ കെട്ടിടമാണ് ബ്ലോക്ക് ഓഫീസിന് ഉണ്ടായിരുന്നത്. പിന്നീട് സർക്കാർ തലത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കി നൽകുന്നതിന്റെ ഭാഗമായി അഞ്ചാലുംമൂട് മൃഗാശുപത്രിയോട് ചേർന്ന് ബഹുനില കെട്ടിടം നിർമ്മിക്കുകയായിരുന്നു.

ഒടുവിൽ ഏറ്റെടുത്തു

തൃക്കരുവ ഒഴികെ കിളികൊല്ലൂർ, ശക്തികുളങ്ങര, തൃക്കടവൂർ എന്നിവ കോർപ്പറേഷൻ ഡിവിഷൻ ആക്കിയതോടെ അഞ്ചാലുംമൂട്‌ ബ്ലോക്ക് ഓഫീസ് ഇല്ലാതാവുകയും തൃക്കരുവയെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുത്തുകയുമായിരുന്നു. ഇതോടെ കെട്ടിടം അനാഥമായി. തുടർന്നാണ് കോർപ്പറേഷൻ കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.