കൊല്ലം: ഭാര്യയെയും രണ്ട് മക്കളെയും മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച വിധി പറയും. മൺറോത്തുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ എഡ്വേർഡ് (42, അജി) കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ ആൻഡ് സെഷൻസ് ജഡ്‌ജി സുഭാഷ് കണ്ടെത്തിയിരുന്നു.
2021 മേയ് 11ന് കേരളപുരം വരട്ടുചിറ കോളനിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഭാര്യ വർഷ (28), മക്കളായ അലൈൻ (2), ആരവ് (3 മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. അനസ്‌ത്യേഷ്യയ്‌ക്ക് മുന്നോടിയായി പേശികളുടെ അയവിനായി കുത്തിവയ്‌ക്കുന്ന മരുന്ന് അളവിൽ കൂടുതൽ കുത്തിവച്ചായിരുന്നു കൊലപാതകം. ഭാര്യയിൽ വിവാഹേതര ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം. സംഭവം നടക്കുമ്പോൾ അഞ്ച് വയസുണ്ടായിരുന്ന പെൺകുട്ടിയുടെ മൊഴിയും മെഡിക്കൽ പരിശോധനാ ഫലങ്ങളും കേസിൽ നിർണായകമായി. മൂത്ത കുട്ടി ആരുടെയും സംരക്ഷണമില്ലാതെ വളരുമെന്നതിനാൽ കൊലപാതകത്തിൽ നിന്ന് ഒഴിവാക്കിയെന്നായിരുന്നു പ്രതിയുടെ മൊഴി.കുണ്ടറ പൊലീസ് അന്വേഷിച്ച കേസിൽ ഷറഫുന്നീസ് ബീഗമായിരുന്നു സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.