കൊട്ടാരക്കര: കശുഅണ്ടി വ്യവസായ തൊഴിലാളികളെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവഗണിച്ചതായി മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു. പത്തു കൊല്ലം സർവീസുകളുള്ള തൊഴിലാളികൾക്ക് പി.എഫ് പെൻഷന് അർഹതയുണ്ടായിരുന്നു. എന്നാൽ എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ മൂലം തൊഴിലാളികൾക്ക് പി.എഫ് പെൻഷൻ നഷ്ടമാകുന്നു. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കശുഅണ്ടി തൊഴിലാളികളുടെ നിഷേധിച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുമെന്നും പി.എഫ് പെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ കശുഅണ്ടി ഫാക്ടറികൾ സന്ദർശിച്ചു. കുന്നത്തുവിള കശുഅണ്ടി ഫാക്ടറി, മൈലം, പുത്തൂർ, പഴയചിറ, സെന്റ്മേരീസ് ഫാക്ടറി, അൽഫോൺസ ഇൻഡസ്ട്രീസ്, തെക്കുംചേരി രവീസ് എക്സ്പോർട്ടേഴ്സ്, ശ്രീലക്ഷ്മി, ചുങ്കത്തറ സെന്റ്പോൾസ് , കശുഅണ്ടി വികസന കോർപ്പറേഷന്റെ നെടുമ്പായിക്കുളം, ചീരങ്കാവ് എന്നീ ഫാക്ടറികളിലെത്തി വോട്ടഭ്യർത്ഥന നടത്തി. എഴുകോൺ നാരായണൻ, സവിൻ സത്യൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കൊടിക്കുന്നിലിനെ അനുഗമിച്ചു. തുടർന്ന് കലയപുരം ആശ്രയ സങ്കേതത്തിലെത്തി അന്തേവാസികളെ കണ്ടു. എസ്.എൻ.ഡിപി കൊട്ടാരക്കര താലൂക്ക് യൂണിയൻ ഓഫീസിലെത്തിയ സ്ഥാനാർത്ഥി ഗുരു മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ ഭാരവാഹികളായ സതീഷ് സത്യപാലൻ, അഡ്വ.പി.അരുൾ , വിനായക അജിത്കുമാർ എന്നിവരുമായി ആശയ വിനിമയം നടത്തി. വൈകിട്ടോടെ പത്തനാപുരം ജംഗ്ഷനിൽ എത്തി വ്യാപാര സ്ഥാപനങ്ങൾ കയറി. തുടർന്ന് പത്തനാപുരം ജുമാമസ്ജിദിൽ നോമ്പ് തുറ ചടങ്ങിലും പങ്കെടുത്തു.