കൊല്ലം: പഞ്ചായത്ത് ഭരണം പിടിക്കാനുള്ള ശ്രമം സംസ്ഥാനത്താകെ തിരിച്ചടിയാകുന്ന കെണിയാകുമെന്ന് വന്നതോടെ തെക്കുംഭാഗം പഞ്ചായത്തിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പിലേക്ക് പോകാതെ എൽ.ഡി.എഫ് അംഗങ്ങൾ തടിയൂരി. യു.ഡി.എഫ് ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ബി.ജെ.പി അംഗം തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന അവസ്ഥ വന്നതോടെയാണ് എൽ.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിന് നിൽക്കാതെ സ്ഥലം വിട്ടത്.

യു.ഡി.എഫ്- 6, എൽ.ഡി.എഫ്- 5, സ്വതന്ത്രൻ-1, ബി.ജെ.പി- 1 എന്നിങ്ങനെയാണ് തെക്കുംഭാഗം പഞ്ചായത്തിലെ കക്ഷിനില. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ സ്വതന്ത്രയെ എൽ.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി. ബി.ജെ.പി വിട്ടുനിന്നതോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ വോട്ടുകളായി. നറുക്കെടുപ്പിൽ കോൺഗ്രസ് നേതാവ് തങ്കച്ചി പ്രഭാകരൻ പ്രസിഡന്റായി. ഇതിനിടെ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ഭിന്നത മുതലെടുക്കാനാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നേതൃത്വം ഇടപെട്ട് ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിച്ചു. അങ്ങനെ യു.ഡി.എഫ് അംഗങ്ങൾ പൂർണമായും ഇന്നലെ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു. പക്ഷെ എൽ.ഡി.എഫ് അംഗങ്ങൾക്ക് പുറമേ ഏക ബി.ജി.പി അംഗം ചർച്ചയിൽ പങ്കെടുത്തതിന് പുറമേ പ്രസിഡന്റിനെതിരെ വോട്ട് ചെയ്യാനും തയ്യാറായി.

പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടു നിൽക്കവേ ബി.ജെ.പി പിന്തുണയോടെ അവിശ്വാസ പ്രമേയം പാസായാൽ സംസ്ഥാനത്താകെ യു.ഡി.എഫ് അത് പ്രചാരണായുധമാക്കും. ഇത് മുന്നിൽ കണ്ട എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ശേഷം വോട്ടെടുപ്പിൽ നിന്ന് പിന്മാറുകയായിരുന്നു.