melplalam-
മാളിയേക്കൽ മേല്പാലത്തിൻ്റെ അരിക് ഭിത്തി നിർമ്മിക്കുന്നതിനായി കമ്പി കെട്ടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി

പാലത്തിന്

547 മീറ്റർ നീളവും

10.15 മീറ്റർ വീതിയും

തൊടിയൂർ: എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് അനിശ്ചിതമായി നീളുകയാണ് മാളിയേക്കൽ മേല്പാലം നി‌ർമ്മാണം. മാർച്ചിൽ പണി പൂർത്തീകരിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ഏതായാലും ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതം അറുതിയില്ലാതെ തുടരുന്നു. നിർമ്മാണം ആരംഭിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞു. 547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമുള്ള സ്റ്റീൽ കോമ്പോസിറ്റ് സ്ട്രക്ച്ചറിൽ നിർമ്മിക്കുന്ന പാലം ഏകദേശം പൂർത്തിയായിട്ടുണ്ട്. എന്നാൽ പാലത്തിന്റെ കൈവരികൾ ഇനിയും പൂർണമായിട്ടില്ല. ഇരുവശത്തേയും അപ്രോച്ച് റോഡിന്റെ അരിക് ഭിത്തി നിർമ്മാണം, ഫില്ലിംഗ് എന്നിവയും പൂർത്തിയാകേണ്ടതുണ്ട്. അപ്രോച്ച് റോഡ് പാലത്തിന്റെ നിരപ്പിൽ പൂർത്തീകരിക്കുമ്പോഴേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നു നൽകാൻ കഴിയു.

ജോലികൾ അവശേഷിക്കുന്നു

സർവീസ് റോഡിന്റെ വശങ്ങളിലെ ഓട നിർമ്മാണം, ടാറിംഗ് തുടങ്ങിയ ജോലികൾ അവശേഷിക്കുകയാണ്. പണികൾ വേണ്ടത്ര വേഗതയിൽ നടക്കുന്നില്ലെന്ന വ്യാപക പരാതി ഉയരുന്നു. ഇപ്പോൾ കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷന് തെക്ക് വശത്തെയും മിടുക്കൻ മുക്കിലെയും ലെവൽ ക്രോസുകളിൽക്കൂടി വഴിതിരിച്ചു വിട്ടിരിക്കുന്ന വാഹന ഗതാഗതം അത്യന്തം ക്ളേശകരമാണ്. മഴക്കാലം എത്തുന്നതോടെ ഇത് പതിന്മടങ്ങ് വർദ്ധിക്കും. അതിന് മുമ്പെങ്കിലും മാളിയേക്കൽ മേല്പാലം ഗതാഗതത്തിന് തുന്നുനൽകണമന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 2021 ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.