കൊല്ലം: കോളേജ് വിദ്യാർത്ഥികളുടെ ഊഷ്മളമായ വരവേറ്റ് ഏറ്റുവാങ്ങി കൊല്ലം ലോക് സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ്. താൻ പഠിച്ച കൊല്ലം എസ്എൻ കോളേജിൽ നിന്നാണ് മുകേഷ് ക്യാമ്പസ് പ്രചാരണം തുടങ്ങിയത്. വോട്ട് തേടുന്നതിനൊപ്പം പഴയ കലാലയ ഓർമ്മകൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. തന്റെ പിതാവ് ഒ.മാധവനായിരുന്നു എസ്.എൻ കോളേജിന്റെ ആദ്യ ചെയർമാനെന്നും അതു കഴിഞ്ഞുള്ള വർഷം കേരളത്തിന്റെ പ്രിയ കവിയായ ഒ.എൻ.വിയാണ് ചെയർമാൻ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം ഓർത്തെടുത്തു. എസ്.എൻ വിമൻസ് കോളേജിലെത്തിയ സ്ഥാനാർത്ഥിയെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. പഠിച്ച്, ജോലി കണ്ടെത്തി, ആത്മാഭിമാനത്തോടെ സ്വന്തം കാലിൽ നിൽക്കുന്ന പെൺകുട്ടികളാണ് ഇക്കാലത്തേത്. അത്തരമൊരു വിപ്ലകരമായ മാറ്റം ആരംഭിച്ചത് കലാലയങ്ങളിൽ നിന്നാണെന്നും മുകേഷ് പറഞ്ഞു. എസ്.എൻ ലാ കോളേജ്, ഫാത്തിമ മാതാ കോളേജ്, കൊട്ടിയം എൻ.എസ്.എസ് ആർട്സ് കോളേജ് , കൊട്ടിയം എൻ.എസ്.എസ് ലാ കോളേജ്, ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജ് എന്നിവടിങ്ങളിലും എം.മുകേഷ് വിദ്യാർത്ഥികളുമായി സംവദിച്ചു.