കൊട്ടാരക്കര: ഉത്സവാഘോഷ യാത്രയ്ക്കിടെ പൊലീസിനെ ആക്രമിച്ച നാലുപേർ പിടിയിൽ. പെരുംകുളം പാറവിള വീട്ടിൽ ജ്യോതിഷ് (33), പ്രസന്ന വിലാസത്തിൽ വിഷ്ണു (27), സഹോദരൻ വിനായകൻ ( 22), ശശി വിലാസത്തിൽ അതുൽ (31) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് പെരുംകുളം ദേവീക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ഘോഷയാത്ര കടന്നുപോകുന്നതിനിടയിൽ അതുവഴിവന്ന ഇലക്ട്രിക് കാർ പ്രതികൾ തടഞ്ഞുനിറുത്തി ഡോർ വലിച്ച് തുറന്ന് ഡ്രൈവറെ മർദ്ദിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തി പ്രശ്നം പരിഹരിക്കുന്നതിനിടയിൽ സബ് ഇൻസ്പെക്ടർ ബൈജുവിന്റെ നെറ്റിയിൽ വിഷ്ണു കരിങ്കല്ലിന് ഇടിച്ച് മുറിവേൽപ്പിച്ചു. തുടർന്ന് മറ്റ് പ്രതികളും പൊലീസിനെ ആക്രമിക്കുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആറ് പ്രതികൾ ഒളിവിലാണ്. വിഷ്ണു 2019 ൽ തിരുവല്ലയിൽ വനിത എസ്.ഐയെ ആക്രമിച്ച കേസിൽ പ്രതിയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.