
കൊല്ലം: തെരുവുകളിലെ ജലവിതരണ ശൃംഖലയിൽ നിന്ന് അവശ്യഘട്ടങ്ങളിൽ ഫയർഫോഴ്സിന് വെള്ളം ശേഖരിക്കാനുള്ള സംവിധാനമായ ഫയർ ഹൈഡ്രന്റുകൾ ജില്ലയിൽ വ്യാപകമാക്കാൻ നടപടി ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട ശുപാർശ സർക്കാരിലേക്ക് നൽകാൻ 21 ന് ചേർന്ന ഡയറക്ടർ ജനറൽ മീറ്റിംഗിൽ തീരുമാനമായി. ജില്ലയിൽ ഫയർ ഹൈഡ്രന്റ് സംവിധാനം ഇല്ലാത്തത് ചൂണ്ടിക്കാട്ടി കഴിഞ്ഞ 13ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചാമക്കട, കരുനാഗപ്പള്ളി മാർക്കറ്റുകൾ, കൊട്ടിയം ടൗൺ തുടങ്ങി ഓരോ സ്റ്റേഷൻ പരിധിയിലും തീപിടിത്ത സാദ്ധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം. എവിടെയൊക്കെ വേണം എന്നതു സംബന്ധിച്ച ലിസ്റ്ര് ജില്ലാ ഫയർ സ്റ്റേഷനിൽ നിന്ന് ഹെഡ് ക്വാർട്ടേഴ്സിലേക്ക് മുൻപ് നൽകിയിരുന്നു. ദുരന്ത നിവാരണ അതോറിട്ടിയിൽ നിന്ന് ഫണ്ട് സംബന്ധിച്ച മറുപടി ലഭിക്കുന്ന മുറയ്ക്ക് ഫയർ ഹൈഡ്രന്റ് സ്ഥാപിക്കും. ഇത് യാഥാർത്ഥ്യമാകുന്നതോടെ ഫയർഫോഴ്സിന്റെ വലിയൊരു പ്രതിസന്ധി ഒഴിവാകും.
വലിയ തീപിടിത്തമുണ്ടായാൽ കെടുത്തുന്നതിന് മുമ്പ് തന്നെ ഫയർഫോഴ്സ് വാഹനങ്ങളിലെ വെള്ളം തീരാറുണ്ട്. പൊടുന്നനെ വീണ്ടും നിറയ്ക്കുന്നതിനാണ് ഫയർ ഹൈഡ്രന്റുകൾ സഹായിക്കുന്നത്. നിലവിൽ ജില്ലയിലെ ഫയർഫോഴ്സിന് ആവശ്യമായ ജലലഭ്യത ഉണ്ടെങ്കിലും വേനൽ ശക്തമാകുമ്പോൾ ക്ഷാമത്തിനുള്ള സാദ്ധ്യത വർദ്ധിക്കും.
ഗുണങ്ങൾ ഏറെ
ഫയർ ഹൈഡ്രന്റിൽ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്യാം
വലിയ തീപിടിത്തം ഉണ്ടായാലും ജലക്ഷാമം ഉണ്ടാകില്ല
സമയം പാഴാക്കാതെ രക്ഷാപ്രവർത്തനം നടത്താനാകും
ഫയർഫോഴ്സ് വാഹനങ്ങളിൽ അടിയ്ക്കടി വെള്ളം നിറയ്ക്കുന്നത് ഒഴിവാക്കാം
വാട്ടർ അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നോ മറ്റ് ജലസ്രോതസുകളിൽ നിന്നോ ആണ് വെള്ളം ലഭ്യമാക്കുക
വേഗത്തിൽ വെള്ളം ശേഖരിക്കാൻപ്രത്യേകം വാൽവുകൾ ഘടിപ്പിക്കും
ജില്ലയിലെ ഫയർ സ്റ്റേഷനുകൾ
കടപ്പാക്കട ചാമക്കട പരവൂർ കുണ്ടറ പുനലൂർ കടയ്ക്കൽ ശാസ്താംകോട്ട കരുനാഗപ്പള്ളി കൊട്ടാരക്കര പത്തനാപുരം ചവറ