photo
വ്യാജ സ്ഥാപനങ്ങളിൽ സുദ്ധ ജലം പരിശോധിക്കുന്നു.

കരുനാഗപ്പള്ളി: ശുദ്ധജലത്തിന്റെ ഗുണ നിലവാരം പരിശോധിക്കാൻ വ്യാജന്മാരും. സർക്കാരിന്റെ മാനദണ്ഡങ്ങൾ മറികടന്ന് ലൈസൻസ് ഇല്ലാത്ത നിരവധി പരിശോധനാ സ്ഥാപനങ്ങളാണ് കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. വീട്ടു വളപ്പിലെ കിണറുകളിലെ വെള്ളമാണ് മിക്കപ്പോഴും പരിശോധനക്കായി കൊണ്ടുചെല്ലുന്നത്. ശുദ്ധ ജലത്തിൽ അടങ്ങിയിരിക്കുന്ന 26 രാസ ജൈവ മൂലകങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതോടൊപ്പം തന്നെ കോളിഫോം, ഫീക്കൽ കോളിഫോം എന്നിവയും പരിശോധനക്ക് വിധേയമാക്കാറുണ്ട്.

ഫീസ് കുറവ്, പരിശോധനാഫലം അതിവേഗം

അണു വിമുക്തമായ കുപ്പികളിലാണ് വെള്ളം ശേഖരിക്കേണ്ടത്. ശേഖരിച്ച വെള്ളത്തിന്റെ ചൂട് നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ പരിശോധനാ ലാബിൽ എത്തണം. കുടിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ ഗുണനിലവാരം പരിശോധിക്കണമെങ്കിൽ 2 ദിവസം വേണ്ടി വരും. ഇതിന് 2500 രൂപയാണ് അംഗീകൃത സ്ഥാപനങ്ങൾ വാങ്ങുന്നത്. എന്നാൽ കൂണുകൾ പൊലെ മുളച്ച് പൊങ്ങുന്ന അനധികൃത സ്ഥാപനങ്ങൾ രാവിലെ ശേഖരിക്കുന്ന വെള്ളത്തിന്റെ പരിശോധനാ ഫലം വൈകിട്ടോടെ നൽകും. ആയിരം രൂപ ഫീസായി ഈടാക്കും. പരിശോധനാ ഫലം പൂർണമായും വ്യാജമായിരിക്കും. ചെറിയ ഒരു ഓഫീസും ഒരു കമ്പ്യൂട്ടറും ഉള്ള സ്ഥാപനത്തിലാണ് വ്യാജൻമാർ പ്രവർത്തിക്കുന്നത്.

ഗുണനിലവാരം പരിശോധന

അംഗീകൃത സ്ഥാപനങ്ങളിൽ 2500 രൂപ

റിസൾട്ടിന് 2 ദിവസം

വ്യാജന്മാർക്ക് 1000 രൂപ

രാവിലെ ശേഖരിക്കുന്ന വെള്ളത്തിന്റെ

പരിശോധനാഫലം വൈകിട്ടോടെ

നടപടിയെടുക്കണം

കരുനാഗപ്പള്ളിയിലുള്ള വ്യാജ പരിശോധനാ ഓഫീസുകളിൽ ബയോളജിക്കൽ പരിശോധന നടത്താൻ പര്യാപ്തമായ കെമിസ്റ്റുകളോ മതിയായ ലാബ് സൗകര്യങ്ങളോ ഇല്ലെന്നാണ് അറിയുന്നത്. കരുനാഗപ്പള്ളിയിലെ ചില സ്കാനിംഗ് സെന്ററുകൾ കേന്ദ്രീകരിച്ച് ഇത്തരം പരിശോധനകൾ നടക്കുന്നുണ്ട്. വ്യാജമായി പ്രവർത്തിക്കുന്ന പരിശോധന ലാബുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കേണ്ടത് പൊല്യൂഷ്യൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരാണ്. ഇവരാരും ഇങ്ങോട്ട് തിരിഞ്ഞ്പോലും നോക്കാറില്ലെന്നാണ് പറയുന്നത്. വ്യാജ സ്ഥാപനങ്ങൾ ഏജന്റുമാരെ ഉപയോഗിച്ച് വെള്ളം പരിശോധനയ്ക്ക് എത്തുന്നവരെ കാൻവാസ് ചെയ്യാറുണ്ടെന്ന പരാതിയും വ്യപകമായി ഉയരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് നാട്ടികാർ ആവശ്യപ്പെടുന്നത്.