കൊല്ലം: ബീച്ചിന് സമീപം കൊല്ലം തോടിന് കുറുകെ നിലവിലെ കൊച്ചുപിലാംമൂട് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കൽ സർവേ തുടങ്ങി. സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാനും അളവ് കണക്കാക്കാനുമായാണ് സർവേ.
കളക്ടറുടെ ബംഗ്ലാവിലേക്കുള്ള റോഡിന് സമീപത്ത് കൊല്ലം തോടിന്റെ കരയിൽ സ്വകാര്യ ഭൂമിയുണ്ടോയെന്നാണ് സർവേയിൽ പരിശോധിക്കുന്നത്. സ്വകാര്യ ഭൂമിയില്ലെങ്കിൽ വൈകാതെ പാലം നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിക്കും. സ്വകാര്യ ഭൂമിയുണ്ടെങ്കിൽ ഏറ്റെടുക്കൽ നടപടികളിലേക്ക് പോകും. ചിന്നക്കട, കമ്മിഷണർ ഓഫീസ് മേൽപ്പാലം, കളക്ടറുടെ ബംഗ്ലാവ്, ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള റോഡ് സംഗമിക്കുന്ന കൊച്ചുപിലാംമൂട് ജംഗ്ഷനിൽ ഗതാഗത ക്രമീകരണത്തിന് റൗണ്ട് എബൗട്ട് നിർമ്മാണവും പദ്ധതിയിലുണ്ട്. ഇതിനായി കമ്മിഷണർ ഓഫീസിന് സമീപത്ത് നിന്നുള്ള റോഡ് കളക്ടറുടെ ബംഗ്ലാവിലേക്ക് തിരിയുന്ന ഭാഗത്ത് സ്വകാര്യ ഭൂമി ഏറ്രെടുക്കും.
ചിന്നക്കട ഭാഗത്ത് നിന്ന് വരുമ്പോൾ നിലവിലെ പാലത്തിന് ഇടത് വശത്തായാണ് പുതിയ പാലം നിർമ്മിക്കുന്നത്. 29.5 മീറ്റർ നീളവും 9.5 മീറ്റർ വീതിയുമുള്ള പാലത്തിന്റെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇടതുവശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. ഇരുപാലങ്ങളിലും വൺവേ സംവിധാനം ഏർപ്പെടുത്തും. കൊല്ലം തോട് വഴിയുള്ള ഗതാഗത സാദ്ധ്യത കൂടി കണത്തിലെടുത്ത് ഇതേ ഉയരത്തിൽ തന്നെയാകും പുതിയ പാലവും.
എസ്റ്റിമേറ്റ് തുക ₹ 9.21 കോടി
നീളം- 29.5 മീറ്രർ
വീതി- 9.5 മീറ്റർ
ക്യാരേജ് വേ- 7.5 മീറ്റർ