കൊല്ലം: മൺറോത്തുരുത്ത് വില്ലിമംഗലം അഖിലാസ് വീട്ടിൽ ദേവദാസൻ 12 വർഷമായി പെൻഷന്റെ വലിയൊരു ഭാഗം മിക്ക മാസവും വീടിന്റെ മേൽക്കൂര പുതുക്കിപ്പണിയാൻ ചെലവിടേണ്ട അവസ്ഥയിലാണ്. അയൽവാസിയുടെ പുരയിടത്തിൽ നിന്നു ദേവദാസന്റെ വീടിന്റെ മുകളിലേക്ക് വളർന്നുനിൽക്കുന്ന കൂറ്റൻ പുളിമരമാണ് പ്രശ്നക്കാരൻ.
ശിഖരങ്ങൾ ഒടിഞ്ഞ് വീണ് വീടിന്റെ പിൻഭാഗത്തെ മുറിയുടെയും കക്കൂസിന്റെയും ആസ്ബറ്റോസ് ഷീറ്റ് ഇടയ്ക്കിടെ തകരും. പുളിയിലകൾ ഷീറ്റിന് മുകളിൽ കുന്നുകൂടും. മഴ പെയ്യുമ്പോൾ പൊട്ടലുള്ള ഭാഗത്ത് കൂടി മഴവെള്ളം വീട്ടിനുള്ളിൽ തളം കെട്ടും. അയൽവാസിയോട് നേരിട്ട് പലതവണ അപേക്ഷിച്ചിട്ടും മുറിക്കാഞ്ഞതിനാാൽ പത്ത് വർഷം മുൻപ് പഞ്ചായത്തിന് പരാതി നൽകി. എന്നിട്ടും ഫലമുണ്ടായില്ല. പിന്നീട് ലീഗൽ സർവ്വീസസ് അതോറിട്ടിയിൽ പരാതി നൽകിയിട്ടും പ്രശ്ന പരിഹാരമുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു.
മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ അയൽവാസിക്ക് കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി നിർദ്ദേശം നൽകി. പക്ഷെ പേരിനെന്നോണം ചെറിയ ചില്ലകൾ മാത്രമേ വെട്ടിയുള്ളൂ. മാസങ്ങൾക്കുള്ളിൽ പുതിയ ചില്ലകൾ വളർന്ന് പതിവ് പോലെ ദുരിതം ആവർത്തിച്ചു. വീടിന്റെ മേൽക്കൂര ഇടയ്ക്കിടെ പുതുക്കിപ്പണിഞ്ഞ് മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ് ദേവദാസൻ.